parliament

ന്യൂഡൽഹി: സമയക്രമങ്ങളിൽ മാറ്റം വരുത്തിയും നിയന്ത്രണങ്ങൾ നടപ്പാക്കിയും സെപ്‌തംബർ 14 മുതൽ ആരംഭിക്കുന്ന പാർലമെന്റ് മൺസൂൺ സമ്മേളനം പുതുമകൾകൊണ്ട് ചരിത്രത്തിൽ ഇടം നേടും.

 ഇടുങ്ങിയ മന്ദിരം, നൂറുകണക്കിന് എം.പിമാർ

സമ്മേളനകാലത്ത് പാർലമെന്റിൽ രാജ്യസഭയിലെ 243 എംപിമാരും ലോക്‌സഭയിലെ 542 എം.പിമാരും എത്തും. ഇവർക്ക് പുറമെ ഉദ്യോഗസ്ഥരും, എം.പിമാരുടെ സെക്രട്ടറിമാരും, മാദ്ധ്യമ പ്രവർത്തകരും, സന്ദർശകരുമുണ്ടാകും. എന്നാൽ, കൊവിഡ് കാലത്ത് സന്ദർശകർക്ക് പൂർണ വിലക്കുണ്ട്. മാദ്ധ്യമങ്ങൾക്കും നിയന്ത്രണമുണ്ട്. അത്യാവശ്യമുള്ള ഉദ്യോഗസ്ഥർ മാത്രമെ എത്തൂ. ഇവരെ നിയന്ത്രിച്ചാലും 785 എം.പിമാരെ പാർലമെന്റിനുള്ളിൽ കയറ്റാതെ നിർവാഹമില്ല. പാർലമെന്റ് മന്ദിരത്തിനുള്ളിൽ സ്ഥലപരിമിതി കാരണം അകലം പാലിക്കൽ എളുപ്പമല്ല.

 രണ്ടു സഭ, രണ്ടു സമയം

മന്ത്രിമാരൊഴികെ ഒരു എം.പിക്ക് താൻ പ്രതിനിധീകരിക്കുന്ന സഭയിൽ അല്ലാതെ രണ്ടാം സഭയിൽ കയറാനാകില്ല. എന്നാൽ ചരിത്രത്തിൽ ആദ്യമായി മൺസൂൺ സമ്മേളനത്തിൽ സുരക്ഷാ അകലം പാലിക്കാൻ അംഗങ്ങൾക്ക് ഇരുസഭകളിലുമായി ഇരിക്കാം.
രാജ്യസഭ രാവിലെ മുതൽ ഉച്ചവരെയും ലോക്‌സഭ ഉച്ചമുതൽ രാത്രി വരെയുമാകും സമ്മേളിക്കുക. എല്ലാവരെയും ഒരു ചേംബറിനുള്ളിൽ ഉൾക്കൊള്ളിക്കുക സാദ്ധ്യമല്ലാത്തതിനാൽ രണ്ടു സഭകളിലുമായി വേർതിരിഞ്ഞാണ് ഇരിക്കുക. അംഗങ്ങൾക്ക് കൂറ്റൻ വീഡിയോ സ്‌ക്രീൻ വഴി നടപടിക്രമങ്ങൾ തത്സമയം കാണാം. ചർച്ചകളിൽ പങ്കെടുത്ത് സംസാരിക്കാൻ സംവിധാനങ്ങളുമുണ്ടാകും.

 കൊവിഡ് പ്രോട്ടോക്കോൾ

ഇരുസഭാ ചേംബറുകളിലെയും വായു ശുദ്ധീകരിക്കും.

ഇരു സഭകളിലെയും ചേംബറും ഗാലറികളും അണുവിമുക്താക്കും

 പ്രതിഷേധങ്ങൾ വഴിമാറുമോ

അംഗങ്ങൾ പലയിടത്തായി ഇരിക്കുന്നതിനാൽ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി നടത്തുന്ന പ്രതിഷേധത്തിന് ഇക്കുറി മാറ്റം വന്നേക്കാം.

 നടപടി, സമയ ക്രമം

പതിവ് സമയ ക്രമങ്ങളെല്ലാം കൊവിഡ് കാലത്ത് മാറും. അതിനാൽ പ്രധാന വിഷയങ്ങൾ ഉന്നയിക്കാൻ അവസരം ലഭിക്കുമോ എന്ന് പ്രതിപക്ഷത്തിന് ആശങ്കയുണ്ട്. കൊവിഡ്, ചൈനയുമായുള്ള അതിർത്തി സംഘർഷം തുടങ്ങി സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള നിരവധി വിഷയങ്ങൾ പ്രതിപക്ഷത്തിന്റെ കൈയിലുണ്ട്. എന്നാൽ സുപ്രധാന ബില്ലുകൾ അവതരിപ്പിച്ച് പാസാക്കിയെടുക്കാനാകും സർക്കാർ മുൻഗണന നൽകുക.