ന്യൂഡൽഹി: ഹരിയാനയിൽ ഊർജ്ജമന്ത്രി രഞ്ജീത് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ബി.ജെ.പി - എൽ.ജെ.പി സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എം.എൽ.എയായ രഞ്ജീത് സിംഗ് ബുധനാഴ്ച നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സഭാ സമ്മേളനത്തിന് മുമ്പ് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. എന്നാൽ പിന്നീട് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വീണ്ടും പരിശോധന നടത്തുകയായിരുന്നു. 75കാരനായ രഞ്ജീത് സിംഗ് സിർസ ജില്ലയിലെ റാണിയയിൽ നിന്നുള്ള എം.എൽ.എയാണ്. മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ സഹോദരനും മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ മകനുമാണ്.
ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനും സ്പീക്കർ ഗ്യാൻചന്ദ് ഗുപ്തയ്ക്കും ഗതാഗതമന്ത്രി മൂൽചന്ദ് ശർമ്മയ്ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഉത്തരാഖണ്ഡിൽ ബി.ജെ.പി അദ്ധ്യക്ഷൻ ഭൻസിന്ദർ ഭഗതിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.