ന്യൂഡൽഹി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബി.ജെ.പി എം.പി സാക്ഷി മഹാരാജിനെ ജാർഖണ്ഡ് ജില്ലാ ഭരണകൂടം 14 ദിവസം ക്വാറന്റൈനിലാക്കി. സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്നവർക്ക് 14 ദിവസ ക്വാറന്റൈൻ നിർബന്ധമെന്ന സർക്കാർ ഉത്തരവ് ലംഘിച്ചതിനാണ് നടപടി. ഉത്തർപ്രദേശിലെ ഉന്നാവിൽ നിന്നുള്ള എം.പിയായ സാക്ഷി മഹാരാജ് ഒരു പരിപാടിയിൽ പങ്കെടുക്കാൻ റോഡ് മാർഗമാണ് ജാർഖണ്ഡിൽ എത്തിയത്. തിരിച്ച് ഡൽഹിയിലേക്ക് മടങ്ങാനായി ധൻബാദിലേക്ക് പോകവെയാണ് ജില്ലാ ഭരണകൂടം അദ്ദേഹത്തെ തടഞ്ഞത്. തുടർന്ന് അദ്ദേഹത്തിന്റെ പരിപാടി നടന്ന ശാന്തി ഭവൻ ആശ്രമത്തിൽ ക്വാറന്റൈനിലാക്കി. ജാർഖണ്ഡിൽ ജെ.എം.എം, കോൺഗ്രസ്, ആർ.ജെ.ഡി സഖ്യമാണ് ഭരിക്കുന്നത്.
സന്ദർശനത്തെക്കുറിച്ച് സംസ്ഥാന സർക്കാരിനെ അറിയിച്ചില്ലെന്ന് ഡെപ്യൂട്ടി കമ്മിഷണർ രാഹുൽകുമാർ സിൻഹ അറിയിച്ചു. എന്നാൽ അസുഖബാധിതയായ തന്റെ അമ്മയെ കാണാനെത്തിയതാണെന്നും മുൻകൂട്ടി അറിയിച്ചിരുന്നെന്നും മഹാരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
'നടപടി രാഷ്ട്രീയ പ്രേരിതമാണ്. ഞായറാഴ്ച നടക്കുന്ന പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ എനിക്ക് പങ്കെടുക്കാനുണ്ട്. ബുധനാഴ്ച ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവിനെ കാണാൻ മകൻ തേജ് പ്രതാപ് യാദവ് എത്തിയിരുന്നെന്നും അദ്ദേഹത്തെ ക്വാറന്റൈനിലാക്കിയില്ലെന്നും' സാക്ഷി മഹാരാജ് പറഞ്ഞു.