ന്യൂഡൽഹി: ചൈനയുടെയും പാകിസ്ഥാന്റെയും സൈനികർ പങ്കെടുക്കുന്നതിനാൽ റഷ്യയിൽ അടുത്ത മാസം നടക്കുന്ന 'കാവ്‌കാസ് 2020' ബഹുരാഷ്‌ട്ര സംയുക്ത സൈനിക അഭ്യാസത്തിൽ നിന്ന് ഇന്ത്യ വിട്ടു നിന്നേക്കും. ഇന്ത്യയിൽ കൊവിഡ് പടരുന്ന സാഹചര്യവുംസ കണക്കിലെടുക്കേണ്ടതുണ്ടെന്ന് പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് ഇന്നലെ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് ജനറൽ ബിപിൻ റാവത്ത് തുടങ്ങിയവർ പങ്കെടുത്ത യോഗമാണ് സൈനിക അഭ്യാസത്തിൽ പങ്കെടുക്കേണ്ടെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. കഴിഞ്ഞ വർഷം ഇന്ത്യ പങ്കെടുത്തിരുന്നു. എന്നാൽ വടക്കൻ ലഡാക് അതിർത്തിയിൽ നിയന്ത്രണ രേഖ ലംഘിച്ചതിന് ചൈനയുമായും ജമ്മുകാശ്‌മീരിലെ ഭീകരപ്രവർത്തനത്തെ ചൊല്ലി പാകിസ്ഥാനുമായും തർക്കം നിലനിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇക്കൊല്ലം വിട്ടു നിൽക്കുന്നത്.
അതേസമയം സെപ്‌തംബർ 4ന് റഷ്യയിൽ തുടങ്ങുന്ന ഷാംഗായ് കോർപറേഷൻ ഓർഗനൈസേഷൻ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്നാഥ് സിംഗ് പങ്കെടുക്കുമെങ്കിലും ചൈനീസ് പ്രതിനിധിയുമായി ചർച്ചകളില്ല.