ന്യൂഡൽഹി: കൊവിഡ് മരണങ്ങളിൽ മെക്സിക്കോയെ മറികടന്ന് ഇന്ത്യ ലോകത്ത് മൂന്നാമതായി. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. മരണം 63,500 പിന്നിട്ടു. ഇന്നലെ വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം അമേരിക്കയിൽ 1,86,024 മരണവും ബ്രസീലിൽ 1,19,594 മരണവും മെക്സിക്കോയിൽ 63,146 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിൽ തുടർച്ചയായ മൂന്നാംദിവസവും രോഗികളുടെ എണ്ണം 75,000 കടന്നു. തുടർച്ചയായ നാലാംദിവസമാണ് മരണം ആയിരം കടക്കുന്നത്. വെള്ളിയാഴ്ച 76,657 പുതിയ രോഗികളും 1019 മരണവും റിപ്പോർട്ട് ചെയ്തു.
തമിഴ്നാട്ടിൽ 6352 പുതിയ രോഗികളും 87 മരണവും.
ആന്ധ്രയിൽ 10,548 പേർക്ക് കൂടി രോഗബാധ. 82 മരണംകൂടി.
നാലുകോടി പിന്നിട്ട് പരിശോധന
ഇന്ത്യയിൽ കൊവിഡ് പരിശോധന നാല് കോടി പിന്നിട്ടു.തുടർച്ചയായ മൂന്നാം ദിവസവും 9 ലക്ഷത്തിലധികം ( 9,28,761) പ്രതിദിന പരിശോധനകൾ നടത്തി. പത്തുലക്ഷം പേരിൽ 29,280 പേർ എന്ന നിരക്കിൽ കൊവിഡ് പരിശോധന ഉയർന്നിട്ടുണ്ട്. ദേശീയ പോസിറ്റിവിറ്റി നിരക്കും വളരെ കുറവാണ്. 8.57 ശതമാനമായി. 26,48,998 രോഗികൾ ഇതുവരെ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,050 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 76.47 ശതമാനമായി. മരണനിരക്ക് 1.81 ശതമാനമായി. കൊവിഡ് സ്ഥിരീകരിച്ചവരിൽ 21.72 ശതമാനം മാത്രമാണ് ചികിത്സയിലുള്ളതെന്നും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
ഹരിയാനയിൽ ഒരു മന്ത്രിക്ക് കൂടി കൊവിഡ്
ന്യൂഡൽഹി: ഹരിയാനയിൽ ഊർജ്ജമന്ത്രി രഞ്ജീത് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ബി.ജെ.പി - എൽ.ജെ.പി സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എം.എൽ.എയായ രഞ്ജീത് സിംഗ് ബുധനാഴ്ച നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സഭാ സമ്മേളനത്തിന് മുമ്പ് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. എന്നാൽ പിന്നീട് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വീണ്ടും പരിശോധന നടത്തുകയായിരുന്നു. 75കാരനായ രഞ്ജീത് സിംഗ് സിർസ ജില്ലയിലെ റാണിയയിൽ നിന്നുള്ള എം.എൽ.എയാണ്. മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ സഹോദരനും മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ മകനുമാണ്.
ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനും സ്പീക്കർ ഗ്യാൻചന്ദ് ഗുപ്തയ്ക്കും ഗതാഗതമന്ത്രി മൂൽചന്ദ് ശർമ്മയ്ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഉത്തരാഖണ്ഡിൽ ബി.ജെ.പി അദ്ധ്യക്ഷൻ ഭൻസിന്ദർ ഭഗതിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.