kochi-metro

ന്യൂഡൽഹി:അടുത്ത മാസം മുതൽ മെട്രോ ട്രെയിൻ സർവീസുകൾ ഭാഗികമായി നടത്താനും ചെറു സമ്മേളനങ്ങൾ ചേരാനും അനുമതി നൽകുന്ന അൺലോക്ക്-4 മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കണ്ടെയ്‌ൻമെന്റ് സോണുകൾക്ക് പുറത്താണ് ഇത്തരം ഇളവുകൾ. വിദ്യാലങ്ങൾ, സിനിമാ തിയേറ്റർ എന്നിവയുടെ പ്രവർത്തനവിലക്ക് തുടരും.

സെപ്തംബർ 21 മുതലാണ് 100ൽ താഴെ ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്ക് അനുമതി. ഇതിൽ വിവാഹ, മരണാനന്തര ചടങ്ങുകളും ഉൾപ്പെടുന്നു.സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കരുതെന്നും നിർദേശമുണ്ട്.

സെപ്‌തം. 7

 കേന്ദ്ര നഗരവികസന മന്ത്രാലയം, റെയിൽവെ എന്നിവയുമായി ആലോചിച്ച് മെട്രോ ട്രെയിൻ സർവീസ് ഘട്ടം ഘട്ടമായി തുടങ്ങാം.

സെപ്‌തം.21

 കൊവിഡ് മാർഗ രേഖ പാലിച്ച് 100 പേരിൽ താഴെ ആളുകൾ പങ്കെടുക്കുന്ന വിവാഹ,മരണ ചടങ്ങുകൾ, സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ, മത, വിനോദ, കായിക പരിപാടികൾക്ക് അനുമതി (സെപ്‌തംബർ 20 വരെ വിവാഹത്തിന് 50 പേരും മരണാനന്തര ചടങ്ങിന് 20പേരിൽ കൂടുതലും പാടില്ല)

 ഓപ്പൺ എയർ ഓഡിറ്റോറിയങ്ങൾ തുറക്കാം

വിദ്യാലയങ്ങളിൽ പകുതി അദ്ധ്യാപക, അദ്ധ്യാപകേതര ജീവനക്കാർക്ക് ഹാജരാകാം. ഓൺലൈൻ ക്ളാസുകൾ സ്‌കൂളിൽ.

 9-12 ക്ളാസ് വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരെ കാണാൻ രക്ഷിതാക്കളുടെ അനുമതിയോടെ സ്‌കൂളിൽ പോകാം.

 ഐ.ടി.ഐ അടക്കം നൈപുണ്യ പരിശീലന കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാം.

 ലാബുകളും മറ്റും ഉപയോഗിക്കാൻ പിഎച്ച്.ഡി, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് അനുമതി

വിലക്ക് തുടരും

 സിനിമാ തിയറ്ററുകൾ, നീന്തൽക്കുളങ്ങൾ, വിനോദ പാർക്കുകൾ

ലോക്ക് ഡൗൺ

 കണ്ടെയ്‌ൻമെന്റ് സോണുകളിൽ സെപ്‌തംബർ 30വരെ ലോക്ക് ഡൗൺ

 കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കരുത്

 പൊതു ഇടങ്ങളിൽ മാസ്‌ക്, സുരക്ഷാ അകലം അടക്കം മറ്റ് മാർഗരേഖകൾ തുടരും.