ന്യൂഡൽഹി: ഡൽഹിയിൽ പിടിയിലായ ഐസിസ് ഭീകരൻ മുഹമ്മദ് മുസ്തകിം ഖാൻ ചാവേർ ആക്രമണം നടത്താൻ യുവാക്കളെ പരിശീലിപ്പിച്ചിരുന്നുവെന്ന് പൊലീസ്. ഇയാളുടെ ഗ്രാമത്തിന് സമീപത്തെ സിദ്ധാർത്ഥനഗറിലെ ഒരു പള്ളി സന്ദർശിച്ച് മുസ്തകിം ഖാൻ യുവാക്കളെ ഐസിസിന് വേണ്ടി പ്രവർത്തിക്കാൻ പ്രേരിപ്പിച്ചു. ഐസിസിന്റെ ഭരണം ഇന്ത്യയിൽ സ്ഥാപിക്കാൻ മുസ്തകിം ഖാൻ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇതിനായി ശ്രമിക്കുകയായിരുന്നു. ചാവേർ ആക്രമണം നടത്താനും മുസ്തകിം പരിശ്രമിച്ചു. ഇതിനു സഹായം ലഭിക്കാതായപ്പോൾ സ്വയം ചാവേർ ആക്രമണ ശ്രമങ്ങളുമായി മുന്നോട്ടുപോയതായും പൊലീസ് പറഞ്ഞു.
അബു യൂസഫ് എന്നറിയപ്പെടുന്ന മുഹമ്മദ് മുസ്തകിം ഖാനെ ഡൽഹിയിലെ കരോൾ ബാഗിനും ദൗളാകുവാമിനും ഇടയിലുള്ള റിഡ്ജ് റോഡ് പ്രദേശത്ത് നിന്നാണ് രണ്ട് പ്രഷർകുക്ക് ബോംബ് സഹിതം അടുത്തിടെ ഡൽഹി പൊലീസ് പിടികൂടിയത്. രണ്ട് തോക്കുകളും വെടിയുണ്ടകളും ഉൾപ്പെട്ട 12 കിലോ സ്ഫോടക വസ്തുക്കളാണ് ഇയാളിൽ നിന്ന് അന്ന് പിടിച്ചെടുത്തത്. ഉത്തർപ്രദേശിലെ ബൽറാംപൂരിലെ ഇയാളുടെ വീട്ടിൽ നിന്ന് വൻസ്ഫോടക വസ്തുശേഖരം ഡൽഹി പൊലീസിന്റെ പ്രത്യേക സംഘം കണ്ടെത്തിയിരുന്നു.