
ന്യൂഡൽഹി: ലോകത്തെല്ലായിടത്തേക്കും കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന വൻകേന്ദ്രമായി മാറാനുള്ള കഴിവും പ്രാപ്തിയും ഇന്ത്യയ്ക്കുണ്ടെന്നും
കളിപ്പാട്ട നിർമ്മാണമേഖലയിൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ ശ്രദ്ധിക്കപ്പെടണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
മൻകി ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'പ്രാദേശിക കളിപ്പാട്ടങ്ങളുടെ സമ്പന്നമായ പാരമ്പര്യം രാജ്യത്തിനുണ്ട്.
നല്ല കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ നിരവധി കരകൗശലപ്പണിക്കാരുണ്ട്.
കളിപ്പാട്ടങ്ങൾ വെറും വിനോദ ഉപകരണങ്ങൾ മാത്രമല്ല. കുട്ടികളുടെ സർഗാത്മകത പുറത്തെടുക്കുന്നവയാണ് മികച്ച കളിപ്പാട്ടങ്ങൾ. നിലവിൽ ഇന്ത്യയുടെ ചില ഭാഗങ്ങൾ കളിപ്പാട്ട ക്ലസ്റ്ററുകളായിട്ടുണ്ട്.
രാംനഗരത്തിലെ ചന്നപട്ടണം (കർണാടക), കൃഷ്ണയിലെ കോണ്ടപള്ളി (ആന്ധ്രാപ്രദേശ്), തമിഴ്നാട്ടിലെ തഞ്ചാവൂർ, അസമിലെ ധുബ്രി, യു.പിയിലെ വാരാണസി തുടങ്ങി നിരവധി സ്ഥലങ്ങൾ കളിപ്പാട്ടങ്ങളുടെ കേന്ദ്രങ്ങളായി വികസിക്കുകയാണ്.
തദ്ദേശീയ കളിപ്പാട്ട നിർമ്മാണ മേഖല ലോക മാർക്കറ്റ് പിടിച്ചെടുക്കാൻ പരിശ്രമിക്കണം.
കമ്പ്യൂട്ടർ ഗെയിമുകളുടെ കാര്യത്തിലും സ്വയം പര്യാപ്തത കൈവരിക്കണം.
ആത്‌മനിർഭർ ഭാരത് ആപ് ഇന്നൊവേഷൻ ചലഞ്ചിൽ മികച്ച നേട്ടം കൈവരിച്ച നിരവധി ആഭ്യന്തര ആപ്ലിക്കേഷനുകളെക്കുറിച്ച് മോദി പ്രതികരിച്ചു. ടെക് ലോകത്തേക്കുള്ള അടുത്ത ഗൂഗിൾ, ഫെയ്‌സ്ബുക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ നിന്നായിരിക്കും.
വിവിധ വിഭാഗങ്ങളിലായി രണ്ട് ഡസനോളം ആപ്ലിക്കേഷനുകൾക്ക് അവാർഡുകൾ നൽകിയിട്ടുണ്ട്. ഈ ആപ്ലിക്കേഷനുകളുമായി പരിചയപ്പെടാനും അവരുമായി ബന്ധപ്പെടാനും രാജ്യത്തോട് മോദി ആവശ്യപ്പെട്ടു. കുട്ടികൾക്കായുള്ള സംവേദനാത്മക ആപ്ലിക്കേഷനായ 'കുട്ടു കി കിഡ്‌സ് ലേണിംഗ് ആപ്പ്" ഉൾപ്പെടെ നിരവധി ആപ്ലിക്കേഷനുകളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു.
ഇന്നത്തെ ചെറിയ സ്റ്റാർട്ടപ്പുകൾ നാളെ വലിയ കമ്പനികളായി മാറുകയും ലോകത്തെ ഇന്ത്യയുടെ അടയാളമായി മാറുകയും ചെയ്യുമെന്നും മോദി പറഞ്ഞു.