ന്യൂഡൽഹി: കോൺഗ്രസ് തലപ്പത്ത് പരിഷ്കാരം ആവശ്യപ്പെട്ട് തങ്ങൾ സോണിയഗാന്ധിക്ക് അയച്ച കത്തിൽ ഉന്നയിച്ച വിഷയങ്ങൾ പ്രവർത്തക സമിതി പരിഗണിച്ചില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ.
കത്തിൽ ഒപ്പിട്ടവരെ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ഒരു നേതാവും പ്രതിരോധിക്കാനെത്തിയില്ല. കോൺഗ്രസ് നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന നിലപാടിൽ മാറ്റമില്ല. കത്തിൽ ഉന്നയിച്ച വിഷയങ്ങൾ എത്രയും വേഗം പരിഗണിക്കപ്പെടണം. പാർട്ടിയിൽ പരിഷ്‌കരണം ആവശ്യപ്പെട്ട് 23 നേതാക്കളയച്ച കത്തിനെക്കുറിച്ച് ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കപിൽ സിബലിന്റെ പരാമർശം.
'കത്ത് ചർച്ചയ്ക്കെടുത്തില്ലെങ്കിലും യോഗത്തിൽ ഞങ്ങളെ ചതിയൻമാർ എന്ന് വിളിച്ചിരുന്നു. ഇത് കോൺഗ്രസിൽ ഉപയോഗിക്കുന്ന ഭാഷയല്ലെന്ന് ആരും പറഞ്ഞില്ല. കോൺഗ്രസുകാരാണെങ്കിലും അല്ലെങ്കിലും രാജ്യത്തുടനീളം ഞങ്ങളുയർത്തിയ ആശങ്കകൾക്കൊപ്പം നിൽക്കുന്നവരുണ്ട്. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തിനൊപ്പം ഒരു പൊതുവികാരമുണ്ട്. രാഷ്ട്രീയം പ്രാഥമികമായി വിശ്വസ്തതയിൽ അധിഷ്ഠിതമാണ്. അതിനൊപ്പം യോഗ്യതയും പ്രതിബദ്ധതയും ഉൾക്കൊള്ളാനുള്ള മനസും ഉണ്ടാകണം. കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പ്രവർത്തക സമിതിയിൽ അറിയിക്കേണ്ടതായിരുന്നു. ഞങ്ങൾ എഴുതിയതിൽ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ തീർച്ചയായും ഞങ്ങളെ ചോദ്യം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കത്തിൽ ഒപ്പിട്ട മുതിർന്ന നേതാവ് ഗുലാംനബി ആസാദിനെതിരെ യു.പിയിലെ മുൻകോൺഗ്രസ് അദ്ധ്യക്ഷൻ നിർമൽഖാത്രി രംഗത്തെത്തി. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുലാം നബി സമാജ് വാദി-കോൺഗ്രസ് സഖ്യത്തിന് നിർബന്ധിച്ചുവെന്നുരാഹുൽ ഗാന്ധി സഖ്യത്തെ എതിർത്തിരുന്നുവെന്ന് തനിക്കറിയാമെന്നും നിർമൽഖാത്രി ആരോപിച്ചു.