ന്യൂഡൽഹി: ലഡാക്കിലെ ഗൽവാൻ താഴ്വരയിലെ ചൈനീസ് അതിക്രമത്തിന് പിന്നാലെ ഇന്ത്യ, തെക്കൻ ചൈനാ കടലിൽ യുദ്ധക്കപ്പൽ വിന്യസിച്ചിരുന്നതായി റിപ്പോർട്ട്. നയതന്ത്രതലത്തിൽ ചർച്ച നടക്കുന്നതിനിടെ തെക്കൻ ചൈന കടലിൽ ഇന്ത്യയുടെ യുദ്ധക്കപ്പൽ കണ്ടതിൽ ചൈന അതൃപ്തി അറിയിച്ചെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
തെക്കൻ ചൈനാ കടലിലെ ഭൂരിഭാഗം മേഖലയും തങ്ങളുടേതാണെന്നാണ് ചൈനയുടെ വാദം. കൃത്രിമ ദ്വീപ് നിർമ്മിച്ചും സേനാ സാന്നിദ്ധ്യം കൂട്ടിയും മേഖലയിൽ സ്വാധീനമുറപ്പിക്കാൻ ചൈന നിരന്തരം ശ്രമിക്കുകയാണ്.
ഇന്ത്യൻ യുദ്ധക്കപ്പൽ വിന്യസിച്ചതിന് പിന്നാലെ അമേരിക്കയുടെ യുദ്ധക്കപ്പലുകളും തെക്കൻ ചൈനാ കടലിൽ എത്തിയിരുന്നു.
ഇതേസമയം തന്നെ ആൻഡമാൻ നിക്കോബാർ ദ്വീപിന് സമീപത്തും ഇന്ത്യ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും വിന്യസിച്ചിരുന്നു. ഈ മേഖലയിൽ വിന്യസിക്കപ്പെട്ട അമേരിക്കൻ നാവികസേനയുമായും ഇന്ത്യ നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ചൈനീസ് നാവിക സേന ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കുന്നിടത്താണ് കപ്പലുകൾ വിന്യസിച്ചത്. മലാക്ക കടലിടുക്ക് വഴിയാണ് ചൈനീസ് ചരക്ക് കപ്പലുകൾ കടന്നു പോകുന്നത്. ഇവയുടെ സഞ്ചാരവും ഇന്ത്യൻ യുദ്ധക്കപ്പലുകൾ നിരീക്ഷിക്കുന്നുണ്ട്. കൂടുതൽ അന്തർവാഹിനികൾ ഇവിടേക്ക് എത്തിക്കുന്നതായും റിപ്പോർട്ടുണ്ട്.
കിഴക്ക്, പടിഞ്ഞാറൻ മേഖലകളിൽ എന്തെങ്കിലും തരത്തിലുള്ള അതിക്രമങ്ങളുണ്ടായാൽ ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യ പൂർണസജ്ജമാണെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ നേവിയുടെ ശക്തമായ സാന്നിദ്ധ്യവും സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിക്കുന്നതും ഉയർന്നുവരുന്ന സാഹചര്യങ്ങളെ നിയന്ത്രിക്കാൻ സഹായകമാണെന്നാണ് വിലയിരുത്തൽ.
ജൂൺ 15നാണ് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ചൈനീസ് അതിക്രമമുണ്ടായത്. 20 ഇന്ത്യൻ ജവാൻമാരാണ് വീരമൃത്യുവരിച്ചത്.
ഗാലപ്പോസ് ദ്വീപിന് സമീപം ചൈനീസ് കപ്പലുകൾ
ഇക്വഡോറിന്റെ ഭാഗമായ ഗാലപ്പോസ് ദ്വീപിന് സമീപം നൂറുകണക്കിന് ചൈനീസ് കപ്പലുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് റിപ്പോർട്ടുകൾ.
ട്രാക്കിംഗ് സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിയും പേരു മാറ്റിയും സമുദ്രാവശിഷ്ടങ്ങൾ ഉപേക്ഷിച്ചും മുന്നൂറിലേറെ ചൈനീസ് ജലയാനങ്ങളാണ് ദ്വീപിന് അടുത്ത് നിലയുറപ്പിച്ചിട്ടുള്ളത്.
ഇത് വളരെയധികം ആശങ്കയുണ്ടാക്കുന്നതാണെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. ചൈന സുതാര്യമായി പെരുമാറണമെന്നും പോംപെയോ അഭിപ്രായപ്പെട്ടു.
ഇരുരാജ്യങ്ങളുടെയും തർക്കപ്രദേശമായ ദക്ഷിണ ചൈനാക്കടലിനെ ചൊല്ലി കഴിഞ്ഞദിവസം പ്രകോപനമുണ്ടായിരുന്നു. പ്രദേശത്ത് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കാൻ സഹായിച്ച ചൈനീസ് കമ്പനികൾക്കെതിരെ ട്രംപ് ഭരണകൂടം നടപടി സ്വീകരിച്ചിരുന്നു. ദക്ഷിണ ചൈനാക്കടലിൽ നാലു മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചാണ് ചൈന ഇതിന് മറുപടി നൽകിയത്.