കോലഞ്ചേരി: കൊവിഡ് പ്രതിരോധ തിരക്കുകൾക്കിടയിലും ഫാമുകളാണ് ട്രെൻഡ്. വിദഗ്‌ദോപദേശമോ വേണ്ടത്ര ധാരണയോ ഇല്ലാതെ എടുത്തുച്ചാടി തുടങ്ങി പുലിവാലു പിടിക്കുന്നവരും ഇക്കൂട്ടത്തിൽ കുറവല്ല. അതോടെ മുടക്കുമുതൽ പോലും തിരിച്ചുകിട്ടാതെയും നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങിയും ഇവരുടെ ജീവിതം ദുഷ്കരമായി മാറുകയും ചെയ്യും.

1994 പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നിശ്ചയിച്ചിട്ടുള്ള പരമാവധി എണ്ണത്തിൽ കൂടുതൽ മൃഗങ്ങളുള്ള ലൈവ് സ്റ്റോക്ക് ഫാം ആരംഭിക്കുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനും ഗ്രാമ പഞ്ചായത്തിന്റെ അനുമതി വേണം. ദേശാടനക്കിളികൾ തങ്ങുന്ന ജലാശയങ്ങളായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിലും, അതിന്റെ 4 കിലോമീറ്റർ ചുറ്റളവിലും പൗൾട്രി ഫാമോ, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളോ ചെയ്യുന്നത് അനുവദനീയമല്ല.

ലൈസൻസില്ലാതെ പരമാവധി വളർത്താവുന്ന ഫാമുകളലെ മൃഗങ്ങളുടെ കണക്ക്

കന്നുകാലി ഫാം: 5 മൃഗങ്ങൾ

ആട് ഫാം: 20 മൃഗങ്ങൾ

പന്നി ഫാം: 5 മൃഗങ്ങൾ

മുയൽ ഫാം: 25 മൃഗങ്ങൾ

പൗൾട്രി ഫാം: 100 പക്ഷികൾ ഇതിൽ കൂടിയാൽ ലൈസൻസ് നിർബന്ധമാണ്

എങ്ങനെ അപേക്ഷിക്കാം

ലൈവ് സ്റ്റോക്ക് ഫാം ആരംഭിക്കാനോ അതിനുള്ള കെട്ടിടം പണിയാനോ ഉദ്ദേശിക്കുന്നയാൾ പഞ്ചായത്തിന്റെ അനുമതിക്കായി ഫാറം1ൽ സെക്രട്ടറിക്ക് അപേക്ഷ നൽകണം. അപേക്ഷയിൽ, വളർത്താൻ ഉദ്ദേശിക്കുന്ന മൃഗങ്ങൾ,പക്ഷികളുടെ എണ്ണം, ഇനങ്ങൾ, സ്ഥലത്തിന്റെ വിസ്തീർണം, നിർമിക്കാൻ ഉദ്ദേശിക്കുന്നതോ, നിർമിച്ചതോ ആയ കെട്ടിടത്തിന്റെ വിവരണം (തറയുടെ വിസ്തീർണം ഉൾപ്പെടെ), മാലിന്യ നിർമാർജന ക്രമീകരണങ്ങൾ, ചുറ്റുവട്ടത്തെ ജനവാസത്തെപ്പറ്റിയുള്ള വിവരണം എന്നിവ വ്യക്തമായി പ്രതിപാദിച്ചിരിക്കണം. അപേക്ഷയോടൊപ്പം, കെട്ടിടത്തിന്റെ പ്ലാൻ, സ്ഥലത്തിന്റെ സ്കെച്ച് എന്നിവ ഉള്ളടക്കം ചെയ്യണം. അപേക്ഷ കിട്ടി 30 ദിവസത്തിനകം അനുമതി നൽകിക്കൊണ്ടോ നിഷേധിച്ചുകൊണ്ടോ ഉള്ള തീരുമാനം പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം അറിയിക്കും.

നടത്തിപ്പിനും വേണം പ്രത്യേക അനുമതി

ഫാം ആരംഭിക്കുന്നതിനു പഞ്ചായത്തിന്റെ അനുമതി ലഭിച്ചവർ, ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയശേഷം, നടത്തിപ്പിനു വേണ്ടി ഫോറം 2 ൽ, സെക്രട്ടറിക്ക് മറ്റൊരു അപേക്ഷ സമർപ്പിക്കണം. അനുമതി ഉത്തരവിൽ നേരത്തെ നിർദ്ദേശിച്ചവയൊക്കെ അപേക്ഷകൻ പാലിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുന്നപക്ഷം, ഫോറം 3 ൽ ലസൈൻസ്‌ ലഭിക്കും.