കോലഞ്ചേരി: പാലയ്ക്കാമറ്റത്തെ വെള്ളപ്പൊക്കത്തിൽ പി.വി.സി പൈപ്പിൽ ബോട്ടു നിർമ്മിച്ച് നീറ്റിലിറക്കി നാടിന്റെ രക്ഷാ ദൗത്യമേറ്റിടുത്തിരിക്കുകയാണ് തൃപ്പൂണിത്തുറയിൽ കമ്പനി സെക്രട്ടറിയായി പ്രാക്ടീസ് ചെയ്യുന്ന ജസ്റ്റിൻ പോൾ. കോലഞ്ചേരി പാലയ്ക്കാമറ്റത്തെ സ്വന്തം നാട് മുൻ വർഷത്തെ പ്രളയത്തിൽ ദുരിതത്തിലായതോടെയാണ് സ്വന്തമായി ബോട്ടു നിർമ്മാണമെന്ന ആശയമുദിച്ചത്.
മുൻ വർഷത്തെ പ്രളയത്തിൽ ജസ്റ്റിന്റെ വീടും വെള്ളത്തിലായിരുന്നു. പഞ്ചായത്ത് നൽകിയ കുട്ട വഞ്ചിയിലാണ് കുടുംബാംഗങ്ങളെ ക്യാമ്പുകളിലെത്തിച്ചത്. വീട്ടു സാധനങ്ങൾ മാറ്റുന്നതിന് കുട്ട വഞ്ചിക്കു കഴിഞ്ഞില്ല.അന്നു മുതൽ നടത്തിയ തിരച്ചിലുകൾക്കൊടുവിലാണ് ചിലവുകുറഞ്ഞ ബോട്ടു നിർമ്മാണം പൂർത്തിയാക്കി നീറ്റിലിറക്കിയത്. ഇ.എസ്.ഐ ആശുപത്രി നഴ്സായ ഭാര്യ ആതിരയും മക്കൾ മേരിയും എലിസബത്തും ജസ്റ്റിന് പൂർണപിന്തുണയും നൽകി.
ചിലവ് കുറഞ്ഞ ബോട്ട്
രണ്ടു പേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന വിധമാണ് നിർമ്മാണം.അഞ്ചു മീറ്റർ നീളമുള്ള ആറിഞ്ചിന്റെ രണ്ടു പൈപ്പാണ് പ്രധാന ഘടകം. ഒമ്പതിനായിരം രൂപയാണ് ചെലവ്. യൂട്യുബിൽ നിന്നു ലഭിച്ച പല മാതൃകകൾ ഒരുമിച്ച് ചേർത്താണ് നിലവിലുള്ള ബോട്ടിന്റെ ഘടനയിലേയ്ക്ക് എത്തിച്ചത്.പൈപ്പിനു കുറുകെ ഇരുമ്പ് ഫ്രെയിം സ്ഥാപിച്ച് ഇരുന്നു തുഴയാൻ പ്ളാസ്റ്റിക് കസേരകളുമുണ്ട്. സ്റ്റേഡിയം ചെയറുകളാണ് ഇതിനുപയോഗിച്ചത്. മറിയാനുള്ള സാദ്ധ്യത കുറവും.
ആർക്കു വേണമെങ്കിലും നിർമ്മിക്കാം
അത്യാവശ്യം വേഗവുമുള്ള ഈ ബോട്ട് തുഴ അറിയാത്തവർക്കും സുഖമായി ഉപയോഗിക്കാം. ആവശ്യമെങ്കിൽ യമഹ എൻജിനും ഘടിപ്പിക്കാം.രണ്ടു ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയെടുക്കാം. നിർമ്മാണ രീതിയെക്കുറിച്ച് അറിയേണ്ടവർക്ക് വിളിക്കാം 97455 51231.
ജസ്റ്റിൻ