കോലഞ്ചേരി: കൊവിഡു കാലത്ത് കുതിച്ചുയർന്ന് സെക്കൻഡ് ഹാൻഡ് വാഹന വിപണി. വില കുറഞ്ഞ ചെറു വാഹനങ്ങളോടാണ് ആളുകൾക്ക് കമ്പം. ഒരു കുടുംബത്തിന് യാത്ര ചെയ്യാവുന്ന ചെറു കാറുകൾക്ക് ആവശ്യക്കാരേറെയുണ്ട്. രണ്ടു ലക്ഷം രൂപ വരെ വരുന്ന വാഹനങ്ങൾക്കാണ് ഡിമാൻഡ് കൂടുതൽ. സാമൂഹിക അകലം പാലിച്ച് പൊതുവാഹനത്തിൽ യാത്ര ചെയ്യാൻ ആളുകൾ മടിക്കുന്നതിന്റെ സൂചനയാണ് കാർ, ഇരുചക്ര വാഹനങ്ങളുടെ സെക്കൻഡ് സെയിൽസ് കുതിച്ചുയരുന്നത്. കൈയിൽ കാശുണ്ടായിട്ടല്ലെങ്കിലും രോഗം പിടിപെടാതിരിക്കാനുള്ള മുൻകരുതലായി പലരും ചുരുങ്ങിയ വിലയിൽ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ സ്വന്തമാക്കുന്നുണ്ട്.
വിപണിയിലെ താരം യൂസ്ഡ് കാർ
വലിയ വാഹനങ്ങൾക്കായി നിക്ഷേപം നടത്തുന്ന ട്രെന്റ് കുറഞ്ഞു വരികയാണ്. ഇത് യൂസ്ഡ് കാർ വിപണിയുടെ പ്രാധാന്യം ഉയർത്തുന്നുണ്ട്. ഇരുചക്രവാഹനം ഉപയോഗിക്കുന്നവർ കാർ വാങ്ങാൻ ആലോചിക്കുമ്പോൾ ആദ്യം പരിഗണിക്കുന്നത് യൂസ്ഡ് കാറാണ്.അനായാസം ലഭ്യമാകുന്ന വാഹനവായ്പയും , ബിഎസ് 4 വാഹനങ്ങളും ബിഎസ് 6 വാഹനങ്ങളും തമ്മിലുള്ള വില വ്യത്യാസവും യൂസ്ഡ് കാർ വിപണിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടി.
രജിസ്‌ട്രേഷൻ കൂടുതൽ
സെക്കൻഡ് ഹാൻഡ് വാഹനത്തോടൊപ്പം പുതിയ കാർ, ഇരുചക്രവാഹനം എന്നിവയുടെ രജിസ്‌ട്രേഷനും കൊവിഡിനുശേഷം വർദ്ധിച്ചിട്ടുണ്ട്. ബസ്, ലോറി, മുച്ചക്രവാഹനം എന്നിവയുടെ രജിസ്‌ട്രേഷൻ ഗണ്യമായി കുറഞ്ഞപ്പോഴാണ് കാർ, ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷൻ കൂടിയത്. പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനും മറ്റുള്ളവർക്കൊപ്പം യാത്ര ചെയ്യാൻ ഇപ്പോഴും മടിയാണാളുകൾക്ക് അതു കൊണ്ടുതന്നെയാണ് പലരും സ്വന്തം വാഹനം എന്ന കാര്യത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങിയത് യൂസ്ഡ് വാഹന വിപണിക്ക് ഗുണകരമായി.
വില കൂടിയിട്ടും വാങ്ങാനൻ ആളുണ്ട്
എസ്.യു.വി പോലെയുള്ള വലിയ വാഹനങ്ങളന്വേഷിച്ച് ആരും തന്നെ എത്തുന്നില്ല. വലിയ വാഹനമുള്ളവർ ഒരു ചെറു വാഹനം കൂടി വാങ്ങുന്നുമുണ്ട്. കൊവിഡിനു മുമ്പുള്ളതിനേക്കാൾ 10000-20000 രൂപ വരെ വില കൂടിയിട്ടുണ്ട്. നേരത്തെ വാഹനലോൺ എടുക്കുന്നവരും കൂടുതലായിരുന്നു ഇപ്പോൾ റെഡി കാഷ് കച്ചവടമാണ്.
അരുൺകുമാർ, ജിജിൻ
ഓട്ടോ പ്ളാനറ്റ്, യൂസ്ഡ് കാർ ഷോറൂം, പുത്തൻകുരിശ്