കോലഞ്ചേരി: മരത്തിൽ കരവിരുതുകൊണ്ട് കവിത വിരിയിക്കുന്നവരുടെ പ്രതീക്ഷകൾക്കും,സ്വപ്നങ്ങൾക്കും മേലെ വീതുളി വീശിയെറിഞ്ഞു കൊവിഡ്. ഓടു മേഞ്ഞ വീടുകളിൽ നിന്ന് കോൺക്രീ​റ്റ് വീടുകളിലേക്ക് മാ​റ്റം വന്ന കാലത്ത് ജില്ലയിലെ ഒട്ടേറെ ആശാരിമാർ ഗൾഫിലേക്ക് ജോലി തേടിപ്പോയിരുന്നു. നാട്ടിൽ ജോലിക്ക് ആളെക്കിട്ടാത്ത അവസ്ഥയായിരുന്നു അന്ന്. മരപ്പണികൾക്ക് ആരാധകർ വർദ്ധിച്ചുവന്നതോടെ പണിക്കാർക്ക് വീണ്ടും നല്ലകാലം വന്നു. പലരും ലക്ഷങ്ങൾ വായ്പയെടുത്ത് സ്വന്തം വർക്ക് ഷോപ്പുകളും, ആധുനിക പണി ഉപകരണങ്ങളും വരെ തുടങ്ങി. പക്ഷെ നാലു മാസം മുമ്പ് കൊവിഡ് കടന്നുവന്നതോടെ നിർമാണമേഖല സ്തംഭിച്ചു.പരമ്പരാഗതമായി മരപ്പണി ചെയ്തുവന്നവർക്ക് ജോലിയില്ലാതായി. ലോക്ക് ഡൗൺ മാറി വീണ്ടും നിർമാണ പ്രവൃത്തികൾ തുടങ്ങിയപ്പോൾ ആളുകൾ ചെലവു ചുരുക്കലാണ് ലക്ഷ്യമിടുന്നത്.അതുകൊണ്ടുതന്നെ പരമാവധി മരപ്പണി കുറയ്ക്കലാണ് പലരുടെയും ലക്ഷ്യം. ഇതും മരപ്പണികൾ ചെയ്യുന്നവരെ വെള്ളം കുടിപ്പിക്കുകയാണ്.

# ചെറുകിട വരുമാനവും നിലച്ചു
പതിറ്റാണ്ടുകളായി ഇതേ ജോലി ചെയ്ത് ജീവിച്ചു വരുന്ന തല മുതിർന്നവർക്കും സഹജോലിക്കാർക്കും വരുമാനം നിലച്ചു. ചെറുകിട വരുമാനക്കാർ പട്ടിണിയിലായി. ഇനിയെന്ത് എന്ന ചോദ്യത്തിനുമുന്നിൽ പകച്ച് നിൽക്കുകയാണിവർ. പരമ്പരാഗതമായി ആശാരിപ്പണി ചെയ്ത് ജീവിക്കുന്ന അനേകം പേരുണ്ട് ജില്ലയിൽ.

# ജോലിയും വരുമാനവുമില്ല

പരമ്പരാഗതമായി ആശാരിപ്പണിയാണ് ഞങ്ങൾ ഭൂരിഭാഗം പേർക്കും. മരപ്പണിയെടുക്കുന്നവരുടെ പല സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. ജോലിയില്ല, വരുമാനവുമില്ല.

വിനോദ്, പരമ്പരാഗത ആശാരി, വാസ്തു വിദഗ്ധൻ, കിഴക്കമ്പലം.