edu1

കൊച്ചി: ദേശീയ വിദ്യാഭ്യാസ നയത്തെ സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റുകൾ സ്വാഗതം ചെയ്തു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രീതിയെ ഉയർത്തിപ്പിടിക്കുന്ന പുത്തൻനയം വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യും. സി.ബി.എസ്.ഇ സ്‌കൂളുകളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. 18 വയസുവരെ നിർബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കുന്ന പുതിയനയം വിദ്യാർത്ഥികളുടെ ഭാവിക്ക് ഗുണംചെയ്യും.
ആറുവരെ ക്ലാസുകളിൽ മാതൃഭാഷയിൽ പഠനം നടത്തണമെന്ന നിർദേശം വിദ്യാർത്ഥികളുടെ ഉപരിപഠനത്തിലും ഭാവിയിലും ആശങ്കയുണ്ടാക്കുന്നുണ്ട്. രാജ്യത്താകെ 30,000 ലേറെ സ്‌കൂളുകൾ ഇംഗ്ലീഷ് മീഡിയത്തിലാണ് അദ്ധ്യയനം നടത്തുന്നത്. മാതൃഭാഷയോടൊപ്പം ഇംഗ്ലീഷിലും അദ്ധ്യയനം നടത്താനാവശ്യമായ സൗകര്യം ഒരുക്കണമെന്നാണ് അസോസിയേഷനുകളുടെ ആവശ്യം.
വിദ്യാർത്ഥികൾ വിദേശരാജ്യങ്ങളിലും മറ്റും ജോലിക്കും ഉപരിപഠനത്തിനും ശ്രമിക്കുമ്പോൾ ഭാഷ വെല്ലുവിളിയാവരുത്. ഇന്ത്യയ്ക്ക് പുറമേ ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. പുറത്തുവന്നിരിക്കുന്ന നിർദേശങ്ങളിൽ കൃത്യമായി പഠനം നടത്തിയശേഷം അന്തിമരേഖ തയ്യാറാക്കണം. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാരുകൾക്ക് ഇടപെടാൻ സാധിക്കുന്നതിനാൽ അനുകൂലമായ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷ.

നിവേദനം പരിഗണിച്ചില്ല
ദേശീയ വിദ്യാഭ്യസനയത്തിൽ ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം കുറയ്ക്കുന്നത് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഫെഡറേഷൻ ഒഫ് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂൾസ് അസോസിയേഷൻ കേന്ദ്ര സർക്കാരിന് കത്ത് നൽകിയിരുന്നു. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. കരട് നയം പരിശോധിച്ചശേഷം കേന്ദ്ര സർക്കാരിന് നിവേദനം നൽകുമെന്ന് ഫെഡറേഷൻ ചെയർമാൻ ടി.പി.എം. ഇബ്രാഹിംഖാൻ പറഞ്ഞു.


നൈപുണ്യ വികസനം ഗുണകരം

ന്യൂതന വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന നൈപുണ്യ വികസന വിദ്യാഭ്യാസം ഉൾപ്പെടെ മാറ്റങ്ങൾ വിദ്യാർത്ഥികൾക്ക് ഏറെ ഗുണം ചെയ്യും. മൂന്നുഭാഷാപഠനം മുമ്പും സി.ബി.എസ്.ഇ സ്‌കൂളുകളിലുണ്ട്. നിലവിലുണ്ടായ മാറ്റം ഇംഗ്ലീഷിനും മാതൃഭാഷയ്ക്കും അപ്പുറം മറ്റൊരു ഭാഷ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കിയതാണ്. ഈ നിർദേശം സ്വാഗതാർഹമാണ്. വിദ്യാഭ്യാസനയം നടപ്പിലാക്കുമ്പോൾ പ്രായോഗികമല്ലാത്ത നിർദേശങ്ങളുണ്ടെങ്കിൽ കൃത്യമായി പഠനം നടത്തി പരിഹരിക്കേണ്ടതുണ്ട്.

ഡോ. ഇന്ദിരാ രാജൻ
സെക്രട്ടറി ജനറൽ
നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ. സ്‌കൂൾസ്