പെരുമ്പാവൂർ: വനം വകുപ്പ് തടസപ്പെടുത്തുന്നതുമൂലം വേങ്ങൂർ പഞ്ചായത്തിലെ റോഡുകളുടെ നിർമ്മാണം ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. കുളക്കുന്നേൽ കുമ്പളത്തോട് റോഡ് കരാറെടുത്തെങ്കിലും വനം വകുപ്പ് എൻ.ഒ.സി. നൽകാത്തതുകാരണം രണ്ടു വർഷം കഴിഞ്ഞിട്ടും പണി തുടങ്ങിയിട്ടില്ല. പാണംകുഴി കടവ് റോഡിന് ജില്ലാ പഞ്ചായത്ത് ആറു ലക്ഷം രൂപ അനുവദിച്ചെങ്കിലും വനം വകുപ്പ് അനുമതി നൽകാത്തതിനാൽ പ്രവർത്തി പഞ്ചായത്ത് കമ്മിറ്റി റദ്ദു ചെയ്തു. വേങ്ങൂർ പഞ്ചായത്തിലെ റോഡുകൾ കുറച്ചുദൂരം വനമേഖലയിലൂടെയാണ് കടന്നുപോകുന്നത്. 2018ലെ പ്രളയകാലത്ത് പാണിയേലി ഭാഗത്തെ ജനങ്ങൾ രക്ഷപെട്ട പാണിയേലി കുർബ്ബാനപ്പാറ വീട്ടിമുകൾ വഴിപോകുന്ന കാനനപാതയുടെ കുറച്ചു ഭാഗം വനം വകുപ്പ് അധീനതയിലാണ്. ഒൻപത് കിലോമീറ്ററോളം നീളം വരുന്ന റോഡിന്റെ കോട്ടപ്പടി പഞ്ചായത്തിന്റെ കീഴിലുള്ള അഞ്ചു കിലോമീറ്റർ ദൂരം ടാറും, കോൺക്രീറ്റും ഉപയോഗിച്ച് നന്നാക്കിയിട്ടുണ്ട്.


എൻ.ഒ.സി കിട്ടിയാൽ യാത്ര എളുപ്പം
വേങ്ങൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള നാലു കിലോമീറ്റർ ദൂരം റോഡ് നന്നാക്കുവാൻ വനംവകുപ്പിന്റെ എൻ.ഒ.സി. കിട്ടിയാൽ പൊതുഗതാഗതം നടപ്പിലാക്കി കുറഞ്ഞ ചിലവിൽ നാട്ടുകാർക്ക് പുറം ലോകത്തേക്ക് എത്തിപ്പെടാൻ കഴിയും.


മന്ത്രിക്ക് പരാതി നൽകി
വേങ്ങൂർ പഞ്ചായത്തിന്റെ സമഗ്രവികസനം തടസപ്പെടുത്തുന്ന വിധത്തിലുള്ള വനംവകുപ്പിന്റെ നടപടി അവസാനിപ്പിക്കണമെന്നും, ഏറെ വനപ്രദേശങ്ങളുള്ള ഇടുക്കി ജില്ലയിൽ റോഡു നിർമ്മാണത്തിന് വനംവകുപ്പ് തടസം നിൽക്കാത്ത സമീപനം ഇവിടെയും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രിക്ക് പരാതി നൽകി.