swapna-sandeep

കൊച്ചി : നയതന്ത്രചാനൽ സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റഡിയിൽ ചോദ്യംചെയ്തശേഷം കസ്റ്റംസ് ഇന്നലെ കോടതിയിൽ തിരിച്ചുഹാജരാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന എറണാകുളത്തെ അഡി. സി.ജെ.എം കോടതി ഇവരെ ആഗസ്റ്റ് 21വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ജൂലായ് 28 നാണ് ഇരുവരെയും ചോദ്യംചെയ്യാൻ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടത്. കോടതി നിർദേശിച്ചതുപോലെ ജൂലായ് 29, 31 തീയതികളിൽ സ്വപ്‌നയ്ക്ക് മക്കളെ കാണാൻ അവസരം നൽകിയെന്നും കസ്റ്റംസ് സൂപ്രണ്ട് വി. വിവേക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ രാവിലെ കൊച്ചിയിലെ മജിസ്ട്രേട്ടിന്റെ വസതിയിലാണ് ഇവരെ ഹാജരാക്കി റിമാൻഡ് ചെയ്തത്.

ഇനി ഇ. ഡിയുടെ ഊഴം

സ്വർണക്കടത്തിലെ കള്ളപ്പണം - ഹവാല ബന്ധം അന്വേഷിക്കുന്ന ഇ. ഡി (എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്) സ്വപ്‌നയെയും സന്ദീപിനെയും കസ്റ്റഡിയിൽ വാങ്ങാൻ നീക്കം തുടങ്ങി. ഇതിനുള്ള അപേക്ഷ നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ അടുത്തദിവസം കോടതി തീരുമാനമെടുത്തേക്കും.