കൊച്ചി: ലോക്ക് ഡൗൺ കാലത്ത് ഷോപ്പിംഗ് മാളുകളും സൂപ്പർ മാർക്കറ്റുകളും അടഞ്ഞുകിടന്നെങ്കിലും ചെറുകിട വ്യാപാരികൾക്ക് ഗുണം കിട്ടിയില്ല. വഴിയോരങ്ങളിൽ തുറന്ന താൽക്കാലിക കടകൾ കച്ചവടം കൈയടക്കി. പച്ചക്കറിയും പലചരക്കും വസ്ത്രങ്ങളും വരെ വിലക്കുറവിൽ കിട്ടിയതോടെ ജനങ്ങളും വഴിയോരക്കച്ചവടക്കാരെ ഇരുകൈയും നീട്ടി സ്വീകരിച്ചു.ഒരു പലചരക്ക് കട നടത്തണമെങ്കിൽ കുറഞ്ഞത് 16 ലൈസൻസുകൾ ആവശ്യമാണ്. യാതൊരുവിധ ലൈസൻസുമില്ലാതെ പഞ്ചായത്ത് റോഡുകൾ മുതൽ ദേശീയപാതകളിൽ വരെ ഷെഡ് കെട്ടിയും ടാർപ്പായ വിരിച്ചും തുടരുന്ന വഴിയോരക്കച്ചവടം തങ്ങളുടെ അവസരം നശിപ്പിച്ചെന്ന് ചെറുകിട വ്യാപാരികൾ പറഞ്ഞു. പിടിച്ചുനിൽക്കാൻ വഴിയോരക്കച്ചവടം ആരംഭിച്ച വ്യാപാരികളുമുണ്ട്.

# പ്രതിസന്ധി

സംസ്ഥാനത്ത് പത്തര ലക്ഷം വ്യാപാര സ്ഥാപനങ്ങൾ

45 ലക്ഷം തൊഴിലാളികൾ

കൊവിഡ് മൂലം രണ്ടു ലക്ഷം സ്ഥാപനങ്ങൾ അടച്ചു

കണ്ടെയിൻമെന്റ് സോൺ മൂലം പകുതി കടകൾ അടഞ്ഞുകൂടുന്നു

# മാർക്കറ്റിലേക്ക് വരാൻ ഭയം

നിയന്ത്രണങ്ങൾക്ക് വിധേയമായി കടകൾ തുറക്കുന്നുണ്ടെങ്കിലും എറണാകുളം ബ്രോഡ്‌വേയും മാർക്കറ്റും വിജനമാണ്. 2,200 സ്ഥാപനങ്ങളും പതിനായിരം ജീവനക്കാരും ചുമട്ടുതൊഴിലാളികളും ഇവിടെ പണിയെടുക്കുന്നു. 15,000 ത്തോളം കുടുംബങ്ങൾ മാർക്കറ്റിനെ ആശ്രയിച്ച് ഉപജീവനം തേടുന്നു.

# ചെറുകിടക്കാർ പട്ടിണിയിലാകും

കണ്ടെയിൻമെന്റ് സോണായതോടെ ജില്ലയുടെ ഒട്ടുമിക്ക പ്രദേശത്തും കടകൾ അടഞ്ഞുകിടക്കുകയാണ്. . വഴിയോര കച്ചവടവും തിരിച്ചടിയായി. ജീവിക്കാൻ വഴിയില്ലാതെ സംഘടനയിലെ അംഗങ്ങളും കടകൾ പൂട്ടി വഴിയോര കച്ചവടത്തിന് ഇറങ്ങുകയാണ്. കൊവിഡ് കാലത്ത് ചെറുകിട കച്ചവടക്കാരുടെ സ്ഥിതി മഹാമോശമാണ്. പെരുന്നാൾ കാലത്ത് പോലും കച്ചവടം ഉണ്ടായില്ല. കണ്ടെയിൻമെന്റ് സോണിലെ കടകൾ അടച്ചിടണമെന്ന നിബന്ധന മൂലമുള്ള കച്ചവടവും നഷ്ടമായി. കൊവിഡിന്റെ മറവിൽ വ്യാപാര മേഖലയെ തകർക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.

ടി. നസറുദ്ദിൻ

സംസ്ഥാന പ്രസിഡന്റ്,

വ്യാപാരി വ്യവസായി ഏകോപന സമിതി

# ആർക്കും വേണ്ടാതെ കച്ചവടക്കാർ

വഴിയോരത്ത് എല്ലാ സാധനങ്ങളും ലഭ്യമായതിനാൽ ജനങ്ങൾ കടകളിലേക്ക് കയറുന്നില്ല. നാട്ടിൻപുറങ്ങളിൽ പോലും കച്ചവടം കുറഞ്ഞു. സമരത്തിനോ പ്രക്ഷോഭത്തിനോ മുതിരാത്തതിനാൽ സർക്കാർ ഞങ്ങളെ പരിഗണിക്കുന്നില്ല. ഓരോ ദിവസവും പ്രതിസന്ധി രൂക്ഷമാകുകയാണ്.

ജി. കാർത്തികേയൻ

പ്രസിഡന്റ്

കേരള മർച്ചന്റ് ചേംബർ ഒഫ് കൊമേഴ്‌സ്‌