• പ്രതിഷേധം ശക്തമാക്കി മത്സ്യത്തൊഴിലാളികൾ
കൊച്ചി: പുതിയ കപ്പൽപാത നടപ്പിലാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കേരള ഫിഷറീസ് കോ- ഓർഡിനേഷൻ കമ്മിറ്റി. ആഗസ്റ്റ് രണ്ടാംവാരത്തോടെ കപ്പൽപാതയിൽ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ കടലിൽ ബോട്ടുകൾ നിരത്തി ഉപരോധിക്കും. സമരങ്ങൾക്ക് മുന്നോടിയായി കൊച്ചിയിൽ പ്രതിഷേധസംഗമം നടന്നു.
നിരവധി പ്രതിഷേധങ്ങൾ നടത്തിയിട്ടും കേന്ദ്രസർക്കാർ അനുകൂല നടപടികളെടുക്കാതിരുന്നതിൽ പ്രതിഷേധിച്ചാണിത്. കപ്പൽ പാത യാഥാർത്ഥ്യമായതോടെ ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരമേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം പ്രതിസന്ധിയിലാകുകയാണ്.
ചരക്കുകപ്പലുകളുടെ സഞ്ചാരപഥത്തിൽ മത്സ്യബന്ധന ബോട്ടുകൾ എത്തുന്നതുമൂലമുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് പുതിയപാത നിശ്ചയിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാൽ പുതിയ പാതയെത്തുന്നതോടെ പിന്നീട് മത്സ്യബന്ധന ബോട്ടുകൾക്ക് നിയന്ത്രണമുണ്ടാവുമോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ.
മത്സ്യലഭ്യത കുറയുമെന്ന് ആശങ്ക
കൊവിഡും മത്സ്യലഭ്യതക്കുറവുംമൂലം കഷ്ടത അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഉപജീവമാർഗത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് നിലവിലെ തീരുമാനം. കൊല്ലം ബാങ്കിന്റെ (കൊല്ലംപരപ്പ്) മത്സ്യപ്രജനനശേഷിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നതാണ് പ്രധാന പ്രതിസന്ധി. പ്രധാനപ്പെട്ട മത്സ്യസങ്കേതങ്ങളായ വാഡ്ജ് ബാങ്ക്, ചേറ്റുവാ പരപ്പ്, ഏഴിമല ബാങ്ക്, മഞ്ഞപ്പാറ പരപ്പ് എന്നിവ സംബന്ധിച്ച് ഷിപ്പിംഗ് മന്ത്രാലത്തിന്റെ നിർദേശത്തിൽ പരാമർശിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ വർക്കല മുതൽ കായംകുളംതീരം വരെ വ്യാപിച്ചു കിടക്കുന്ന മത്സ്യബന്ധന മേഖലയാണ് കൊല്ലംബാങ്ക്. കന്യാകുമാരി മുതൽ കൊച്ചി വരെയുള്ള പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ ഇവിടെ എത്തുന്നു.
കടൽപ്പാത
കൊല്ലം പരപ്പിലൂടെയാണ് കടൽപ്പാത കടന്നുപോവുന്നത്. വർക്കലയുടെ തീരത്തുനിന്ന് 68 കിലോമീറ്റർ പടിഞ്ഞാറ് 12 കിലോമീറ്റർ വീതിയിൽ വടക്ക് അമ്പലപ്പുഴവരെ 84 കിലോമീറ്ററാണ് കടൽപ്പാത. അമ്പലപ്പുഴയ്ക്ക് 70 കിലോ മീറ്റർ പടിഞ്ഞാറ് അവസാനിക്കുന്ന രൂപത്തിലാണ് ഷിപ്പിംഗ് മന്ത്രാലയം കടൽപ്പാത രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പാതയിൽനിന്ന് 50 നോട്ടിക്കൽ മൈൽ പടിഞ്ഞാറുകൂടി പാത വേണമെന്നായിരന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. നിരവധി അപകടങ്ങൾ നടന്ന പശ്ചാത്തലത്തിലാണ് ആവശ്യം ഉന്നയിച്ചത്.
പ്രതിഷേധസംഗമം
കടൽപ്പാതയ്‌ക്കെതിരെ കേരള ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചി തുറമുഖട്രസ്റ്റിന് മുൻവശം പ്രതിഷേധസംഗമം ചേർന്നു. കമ്മിറ്റി ചെയർമാൻ ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ ടി.ജെ. ആഞ്ചലോസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി.പി. ചിത്തരഞ്ജൻ, കൂട്ടായി ബഷീർ, എ.സി. ക്ലാരൻസ്, ചാൾസ് ജോർജ്, കെ.ജെ. ആന്റണി, ഉമ്മർ ഓട്ടുമ്മൽ എന്നിവർ പങ്കെടുത്തു.