വൈറ്റില : പൊന്നുരുന്നി ഗ്രാമീണ വായനശാലയിൽ 'വൈക്കം മുഹമ്മദ് ബഷീർ ജീവിതവും സാഹിത്യവും' എന്ന വിഷയത്തിൽ വെബിനാർ നടന്നു. പ്രസിഡന്റ് അഡ്വ. എം.കെ. ശശീന്ദ്രൻ അദ്ധ്യക്ഷനായി. അന്യവത്കരിക്കപ്പെട്ടവരുടെ ജീവിതം നർമ്മവും തത്വചിന്തയും ചാലിച്ചുചേർത്ത് ലളിതമായ ഭാഷയിൽ ആവിഷ്‌കരിച്ച ഒരു കഥാകാരൻ മലയാളത്തിൽ ഉണ്ടായിട്ടില്ലെന്നും. ഈ അപൂർവതയാണ് ബഷീർ സാഹിത്യത്തിന് വിമർശകർ ഇല്ലാതെപോകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. ഗോപി നായർ വിഷയം അവതരിപ്പിച്ചു. എം.വി. പ്രസന്ന, അഡ്വ.വി.സി. രാജേഷ്, ടി.വി. ത്രേസ്യാമ്മ, ജി.വി. പിള്ള, കെ.പി. ദീപു, ലീലാഉപാദ്ധ്യായ എന്നിവർ പങ്കെടുത്തു. കോ ഓർഡിനേറ്റർ ഇ.എസ്. സ്റ്റാലിൻ പരിപാടി വിശകലനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ജെ. ഫ്രാങ്ക്‌ളിൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.ബി. അനൂപ് നന്ദിയും പറഞ്ഞു.