കോലഞ്ചേരി: സാനിറ്റൈസറില്ലാത്ത പട്ടിമറ്റത്തെ അഞ്ച് എ. ടി. എമ്മുകളുടെ ബാങ്ക് മാനേജർമാർക്കെതിരെ കുന്നത്തുനാട് പൊലീസ് എപ്പിഡമിക് ആക്ടനുസരിച്ച് കേസെടുത്തു. ഗുരുമണ്ഡപത്തിന് സമീപമുള്ള എസ്.ബി.ഐ, മേച്ചിങ്കര ആർക്കേഡിലുള്ള എസ്.ബി.ഐ, കോട്ടായിൽ ബിൽഡിംഗ്‌സിലെ കാനറാ ബാങ്ക്, എച്ച്.ഡി.എഫ്.സി, വാലേത്തുപടിയിലെ ആക്‌സിസ് ബാങ്ക് എ.ടി.എമ്മുകളിലാണ് സാനിറ്റൈസറില്ലാതെ പ്രവർത്തിച്ചിരുന്നത്.

ഇതു സംബന്ധിച്ച് കഴിഞ്ഞ 28 ന് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.
കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ജില്ലാ ഭരണകൂടം എ.ടി.എമ്മുകളിൽ സാനിറ്റൈസർ വെക്കണമെന്ന കർശന നിർദേശം നൽകിയിരുന്നു. രണ്ടാംഘട്ടത്തിൽ സുരക്ഷിതമായെന്ന തോന്നലിൽ എ.ടി.എമ്മുകളിൽ സാനിറ്റൈസറുകളെന്ന ഏർപ്പാട് തന്നെയില്ലാതായി. അതിശക്തമായ മൂന്നാം ഘട്ടത്തിൽ എ. ടി. എമ്മുകളിൽ സാനിറ്റൈസർ പേരിന് മാത്രമായി. വിവിധയിടങ്ങളിൽ നിന്നെത്തുന്നവർ സ്പർശിക്കുന്ന എ.ടി.എമ്മുകളിൽ രോഗവ്യാപനത്തിന് സാദ്ധ്യത കൂടിയ സ്ഥലമാണ്.

#സാനിറ്റൈസർ ഇല്ലാത്തത് സുരക്ഷയെ ബാധിക്കുന്നു

ബാങ്കുകൾക്കൊപ്പം പ്രവർത്തിക്കാത്ത എ. ടി. എമ്മുകളിലാണ് പ്രധാനമായും സാനിറ്റൈസർ കാണാത്തത്. യാത്രക്കാർ, കച്ചവടക്കാർ അടക്കം വിവിധതരം ആളുകളാണ് എ.ടി.എം ഉപയോഗിക്കുന്നത്. അത് തന്നെയാണ് പ്രധാന പ്രശ്‌നവും. എ.ടി.എമ്മിന്റെ വാതിൽ തുറക്കലും പിൻ നമ്പറടിക്കലും കൈ സ്പർശം അനിവാര്യമാകുമ്പോൾ സാനിറ്റൈസറും നിർബന്ധമാവുകയാണ്. ബാങ്കുകളിൽ കയറി ഇടപാട് നടത്താൻ മടിക്കുന്നവർ പണമെടുക്കലും നിക്ഷേപിക്കലും എ.ടി.എം, സി. ഡി.എം വഴി നടത്തുന്നുണ്ട്.

# പരിശോധന കർശനമാക്കും

പൊതുവേ എ.ടി.എം ഉപയോഗത്തിൽ വർദ്ധനയാണ് കൊവിഡ് കാലത്തുണ്ടായത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് കുന്നത്തുനാട് പൊലീസ് ഇൻസ്‌പെക്ടർ വി.ടി ഷാജൻ, സബ് ഇൻസ്‌പെക്ടർ കെ.ടി ഷൈജൻ എന്നിവർ അറിയിച്ചു. അതേ സമയം എ.ടി.എമ്മുകളിൽ സാനിറ്റൈസർ വച്ചിരുന്നുവെന്നും വെള്ളിയാഴ്ച മുതൽ ബാങ്കുകൾ അവധി ആയിരുന്നതിനാലും വലിയ പെരുന്നാളുമായി ബന്ധപ്പെട്ട തിരക്കുകളിൽ സാനിറ്റൈസർ തീർന്നതാകാമെന്നുമാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം.