sajana
സജന കളമശേരി തൃപ്പൂണിത്തുറ റോഡരികിൽ ആഹാരം വിതരണം ചെയുന്നു .

കൊച്ചി: നിനക്കൊക്കെ പോയി പണിയെടുത്ത് ചെയ്തുജീവിച്ചുകൂടേ.....? ട്രെയിനിലെ ഭിക്ഷാടനത്തിനിടെ നെഞ്ചിൽത്തറച്ച ഈ ചോദ്യമാണ് സജനയുടെ ജീവിതം മാറ്റിമറിച്ചത്. ഇപ്പോൾ ശരാശരി 1500 നും 2000നും ഇടയിൽ ദിവസം വരുമാനമുണ്ടാക്കുന്ന സ്വയംതൊഴിൽ സംരംഭകയാണ് സജനയെന്ന ട്രാൻസ്ജെൻഡർ. കൊവിഡ് കാലത്താണ് പുതിയസംരംഭമായി​ വഴി​യോരത്ത് ബി​രി​യാണി​ കച്ചവടം തുടങ്ങിയത്.

ആണായി ജീവിച്ചകാലത്ത് കൂട്ടുകാരുടെ കൂക്കുവിളികാരണം അമ്മയേയും സഹോദരനെയും ഉപേക്ഷിച്ച് നാടുവിട്ട് എറണാകുളത്തെത്തിയതാണ്. ഒരുകെട്ടിടം വാടകയ്ക്കെടുത്ത് മെൻസ് ഹോസ്റ്റൽ നടത്തി. പിന്നീട് പെണ്ണായി ജീവിക്കാൻ തീരുമാനിച്ചപ്പോൾ ഹോസ്റ്റൽപൂട്ടി ഭിക്ഷാടനത്തിനിറങ്ങി. ദീർഘദൂര ട്രെയിനുകളായിരുന്നു ലാവണം. അന്യസംസ്ഥാന തൊഴിലാളികൾ യാത്രചെയ്യുന്ന കമ്പാർട്ടുമെന്റ് തിരഞ്ഞുപിടിച്ച് കയറും. ഒരുദിവസം ആ ബോഗിയിലുണ്ടായിരുന്ന മലയാളിക്കുനേരെ കൈനീട്ടിയപ്പോൾ അയാൾ കുപിതനായി... ശകാരങ്ങളും ആക്ഷേപങ്ങളും വാരിച്ചൊരിഞ്ഞു. അന്ന് മനസിലേറ്റ മുറിവാണ് ഇന്നത്തെ ജീവിതവിജയം.

# ക്ളി​ക്കായ ബി​രി​യാണി​ കച്ചവടം

ലിംഗമാറ്റ ശസ്ത്രക്രിയക്കുവേണ്ടി സ്വരുക്കൂട്ടിവച്ചിരുന്ന സമ്പാദ്യത്തിനൊപ്പം കൈയിലുണ്ടായിരുന്ന സ്വർണവും വിറ്റുകിട്ടിയ പണം മൂലധനമായി. തൃപ്പൂണിത്തുറയിൽ വീട് വാടകക്കെടുത്ത് ബിരിയാണി കച്ചവടം തുടങ്ങാൻ തീരുമാനിച്ചു. ഗ്യാസ് സ്റ്റൗ, പാത്രങ്ങൾ, വഴിയോരത്ത് ബിരിയാണി വിൽക്കാൻ ഒരു പഴയമാരുതി കാർ. എല്ലാംകൂടി 90,000 രൂപ മുടക്കി സ്വന്തമാക്കി.

ഇപ്പോൾ എല്ലാദിവസവും രാവിലെ 11 മണിയോടെ കാക്കനാട്- തൃപ്പൂണിത്തുറ ബൈപ്പാസിൽ സജനയെത്തും. 60 രൂപയ്ക്ക് നല്ല ചൂടൻ ചിക്കൻബിരിയാണി വിൽക്കാൻ. വാഴയിലയിലാണ് പൊതിയുന്നത്. എല്ലാചെലവും കഴിഞ്ഞ് ദിവസം 2000 രൂപവരെ വരുമാനംകിട്ടും. പഴയ ഭിക്ഷാടനകാലം മനസിലുള്ള സജന തെരുവോരത്ത് അന്തിയുറങ്ങുന്ന 50 പേർക്കുവീതം ദിവസവും ബിരിയാണി സൗജന്യമായി നൽകുന്നുണ്ട്. 4 പേർക്ക് ജോലിയും നൽകുന്നുണ്ട്.

ട്രെയിനിൽവച്ച് ശകാരിച്ചയാളെ അറിയില്ല. അയാളുടെ ചോദ്യത്തോട് അപ്പോൾ തന്നെ പ്രതികരിച്ചിരുന്നു. , ''ചേട്ടൻ ഒരു ജോലിതരാമോ, വീട്ടുജോലിയായാലും മതി ഭക്ഷണം കഴിഞ്ഞ് മാസം എന്തെങ്കിലുമൊരു തുകയും തന്നാൽമതി....'' അതിൽ ഉത്തരം മുട്ടിയയാത്രക്കാരൻ 100 രൂപനോട്ട് ഭക്ഷനൽകി തലയൂരുകയായിരുന്നു. എങ്കിലും അന്ന് നെഞ്ചിൽതുളച്ചുകയറിയ വാക്കുകൾക്ക് ആയിരങ്ങളുടെ വിലയുണ്ടെന്ന് സജന തിരിച്ചറിയുകയായിരുന്നു.

ബിരിയാണി വില്പനയുടെ ഇടവേളകളിൽ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ട്രെയിനിൽവച്ച് ശകാരിച്ചയാളോടും സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് പെണ്ണാച്ചി എന്നുപരിഹസിച്ച കൂട്ടുകാരോടും നന്ദിമാത്രമേ പറയാനുള്ളു.