മൂവാറ്റുപുഴ: വീട്ടിലിരുന്ന് ഡോക്ടറെ കാണുന്ന ടെലി മെഡിസിൻ കൺസൾട്ടേഷൻ സംവിധാനം മൃഗസംരക്ഷണ വകുപ്പും തുടങ്ങുന്നു. കൊവിഡ് രോഗബാധ വർദ്ധിച്ച് വരുന്ന പശ്ചാത്തലത്തിൽ പരമാവധി ആശുപത്രി സന്ദർശനം ഒഴിവാക്കി മൃഗങ്ങൾക്ക് വൈദ്യസഹായം ഉറപ്പാക്കാനാണ് പുതിയ സംവിധാനം. കണ്ടെയ്ൻമെന്റ് സോണുകളിൽ മൃഗങ്ങൾക്ക് ചികിത്സ നൽകുന്നതിനും മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് ആശങ്കകൾ പരിഹരിക്കുന്നതിനും ഈ സംവിധാനം ഉപയോഗിക്കാം. വീട്ടുപടിക്കൽ എത്തി നൽകേണ്ട അടിയന്തിര ചികിത്സ ലഭ്യമാക്കാൻ എല്ലാ താലൂക്കുകളിലും വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ അടിയന്തിര മൃഗചികിത്സാ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ക്വാറന്റൈനിൽ കഴിയുന്നവർക്കും സംവിധാനം ഉപയോഗപ്പെടുത്താം. രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് ടെലി മെഡിസിൻ സംവിധാനം പ്രവർത്തിക്കുക. ജില്ലാ വെറ്ററിനറി കേന്ദ്രം കേന്ദ്രീകരിച്ച് ജില്ലയിലെ എല്ലാ താലൂക്കുകളിലും അടിയന്തിര മൃഗചികിത്സാ സംവിധാനവും സജ്ജീകരിച്ചാണ് ജില്ലയിൽ പുതിയ സംവിധാനം പ്രവർത്തിക്കുക. ഇന്നലെ മുതൽ പുതിയ സംവിധാനം ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലയിൽ ടെലിമെഡിസിൻ സംവിധാനം ഉപയോഗപ്പെടുത്തുവാൻ കർഷകർ 0484 2351264 എന്ന നമ്പറിൽ വിളിക്കാം. സേവനം തികച്ചും സൗജന്യമാണ്.