ആലുവ: കാണാതായ വളർത്തുനായയെ താരത്തിന് തിരികെ കിട്ടി. പക്ഷേ ഒരുകാൽ ഒടിഞ്ഞ അവസ്ഥയിലായിരുന്നു.
'18-ാം പടി' സിനിമയിലെ നായകൻ ആലുവ പട്ടേരിപ്പുറം സ്വദേശി അക്ഷയ് രാധാകൃഷ്ണനാണ് കഴിഞ്ഞദിവസം കാണാതായ തന്റെ നായയെ കണ്ടെത്താൻ നവമാദ്ധ്യമങ്ങളിലൂടെ സഹായംതേടിയത്. പോസ്റ്റ് വൈറലായതോടെ വെള്ളിയാഴ്ച രാത്രി എട്ടോടെ തായിക്കാട്ടുകര ഗാരേജിന് സമീപത്ത് നായയെ കണ്ട ചിലർ വിവരമറിയിച്ചു. തുടർന്ന് അക്ഷയ് നേരിട്ടെത്തി നായയെ വാരിയെടുക്കുന്നതിനിടെയാണ് ഒരുകാലിൽ ഒടിവുണ്ടെന്ന് മനസിലായത്. തുടർന്ന് സമീപത്തെ വെറ്ററിനറി ഡോക്ടറെ കാണിച്ച് ചികിത്സതേടിയ ശേഷം വീട്ടിലെത്തിച്ചു. നായയെ കണ്ടുപിടിക്കുന്നവർക്ക് 20,000 രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു.
'വീരൻ' എന്ന് പേരിട്ടിരിക്കുന്ന നായ അക്ഷയിന്റെ സന്തതസഹചാരിയാണ്. ഇന്നലെ നായയുടെ രണ്ടാം പിറന്നാളായിരുന്നു. നായയെ തിരിച്ചുകിട്ടിയ സന്തോഷമായി സാമൂഹ്യഅകലം പാലിച്ച് താരം സുഹൃത്തുക്കളുമായി പിറന്നാളും ആഘോഷിച്ചു.
.