കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള എല്ലാ നീക്കങ്ങളെയും യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ പറഞ്ഞു. യു.ഡി.എഫ് എറണാകുളം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി രാജിവയ്ക്കുക, സ്പീക്കർ സ്ഥാനമൊഴിയുക, സ്വർണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും കൊവിഡ് നിയമങ്ങൾ പാലിച്ച് സത്യാഗ്രഹം നടത്താനും 10ന് എല്ലാ വാർഡുകളിലും സത്യാഗ്രഹം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കൊവിഡ് ബാധിത പ്രദേശങ്ങളിൽ അടിയന്തരമായി സൗജന്യറേഷനും നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ചെയർമാൻ എം.ഒ. ജോൺ, കെ.പി. ധനപാലൻ, വി.കെ .ഇബ്രാഹിംകുഞ്ഞ്, കെ. ബാബു, ഫ്രാൻസിസ് ജോർജ്, വി.ജെ. പൗലോസ്, ഡൊമിനിക് പ്രസന്റേഷൻ, വിൻസന്റ് ജോസഫ്, എൻ.കെ. നാസർ, കെ.ജി. പുരുഷോത്തമൻ, കെ. റെജികുമാർ തുടങ്ങിയവർ സംസാരിച്ചു.