തൃപ്പൂണിത്തുറ: ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോണത്തുപുഴ നവീകരണ പദ്ധതി അട്ടിമറിക്കുവാനുള്ള തദ്ദേശസ്ഥാപനങ്ങളിലെ ചില ഉദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ നടപടി വേണമെന്ന് സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി എം.എൽ.എമാരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ പുഴയിലെ കൈയേറ്റം ഒഴിവാക്കാൻ സർവ്വേ നടത്തുവാനും ഇതിനുള്ള തുക തദ്ദേദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകണമെന്നും തീരുമാനിച്ചിരുന്നു.സർവേ ഡിപ്പാർട്ടുമെന്റ് 17.5 ലക്ഷം രൂപ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകി. തൃപ്പൂണിത്തുറ നഗരസഭ, ഉദയംപേരൂർ, ആമ്പല്ലൂർ, മുളന്തുരുത്തി, ചോറ്റാനിക്കര പഞ്ചായത്തുകൾ ചേർന്ന് ഈ തുക നൽകണമെന്നു നിർദേശവും നൽകി. ഇറിഗേഷൻ വകുപ്പ് ആവശ്യമായ മെഷീനറികളും എത്തിച്ചു. എന്നാൽ ആഴ്ചകളായിട്ടും സർവേയ്ക്കുള്ള പണം നൽകാൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ തയ്യാറായിട്ടില്ല. സർവേ നടത്തുന്നത് അട്ടിമറിക്കുവാനാണ് ഉദ്യോഗസ്ഥ ലോബിയുടെ ശ്രമമെന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി ചന്ദ്രബോസ് ആവശ്യപ്പെട്ടു.