ആലുവ: ക്വാറൻ്റൈയ്ൻ ലംഘനത്തിന് റൂറൽ ജില്ലയിൽ മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. ബാംഗ്ലൂർ സ്വദേശികളായ സാക്കിർ ഹുസൈൻ, ആകാശ് അഹമ്മദ്, ഐരാപുരം ചീനിക്കുഴി കിഴക്കനാൽ വീട്ടിൽ യൂസഫ് എന്നിവർക്കെതിരെയാണ് കുന്നത്തുനാട് പൊലീസ് കേസെടുത്തത്.കഴിഞ്ഞ 19 ന് ബാംഗ്ലൂരിൽ നിന്നും വിമാന മാർഗ്ഗം സാക്കിർ ഹുസൈനും, ആകാശ് അഹമ്മദുംജോലിക്കായാണ് ഐരാപുരത്ത് എത്തിയത്. യൂസഫാണ് ഇവരെ കൊണ്ടു വന്ന് ഇയാളുടെ ബിൽഡിംഗിലാണ് താമസിപ്പിച്ചിരുന്നത്. 14 ദിവസം ക്വാറൻ്റൈയ്നിൻ കഴിയണമെന്ന നിബന്ധന പാലിക്കാതെ ഇവർ കറങ്ങി നടക്കുകയായിരുന്നു. മഴുവന്നൂർ പി.എച്ച്.സിയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബാംഗ്ലൂരിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവന്ന ശേഷം അവരുടെ ക്വാറൻൈയ്ൻ ഉറപ്പുവരുത്താത്തതിനാണ് ഏജന്റിനെതിരെ കേസ്.
അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റും തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാർ തൊഴിലാളികളുടെ ക്വാറൻൈയ്ൻ ഉറപ്പുവരുത്തണമെന്നും ലംഘനം നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.