ആലുവ: ലോക്ക് ഡൗണും കർഫ്യൂവും മൂലം പ്രതിസന്ധിയിലായ ആലുവ ലാർജ് ക്ലസ്റ്ററിലെ കുടുംബങ്ങൾക്കും വ്യാപാരികൾക്കും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ നിയോജക മണ്ഡലത്തിൽ വ്യാപകമായി ഏകദിന ഉപവാസം സംഘടിപ്പിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാറിന്റെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ഉപവാസം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒരു മാസത്തോളമായി ആലുവ നഗരസഭയും സമീപ പഞ്ചായത്തുകളായ കീഴ്മാട്, എടത്തല, ചൂർണ്ണിക്കര, ചെങ്ങമനാട്, കരുമാല്ലൂർ, ആലങ്ങാട്, കടുങ്ങല്ലൂർ എന്നിവയും പൂർണമായും മണ്ഡലത്തിലെ കാഞ്ഞൂർ, ശ്രീമൂലനഗരം, നെടുമ്പാശേരി പഞ്ചായത്തുകൾ ഭാഗീകമായും അടഞ്ഞുകിടക്കുകയാണ്. അടിയന്തരമായി സൗജന്യ ഭക്ഷ്യസാധനങ്ങളും സാമ്പത്തിക പാക്കേജും പ്രഖ്യാപിക്കണമെന്ന് എസ്. ജയകൃഷ്ണൻ ആവശ്യപ്പെട്ടു.
ആലുവ കൊവിഡ് വ്യാപന കേന്ദ്രമായത് നഗരസഭയുടെയും സ്ഥലം എം.എൽ.എയുടെയും അനാസ്ഥ മൂലമാണെന്നും അദ്ദേഹം ആരോപിച്ചു. വൈകിട്ട് അഞ്ചിന് നടന്ന സമാപനം സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് നാരങ്ങാനീര് നൽകി ഉപവാസ സമരം അവസാനിപ്പിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി. സുമേഷ്, രമണൻ ചേലാക്കുന്ന്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ എ.സി. സന്തോഷ് കുമാർ, രൂപേഷ് പൊയ്യാട്ട്, പ്രീത രവീന്ദ്രൻ, ഡോ. രജനഹരീഷ്, പ്രദീപ് പെരുമ്പടന്ന, മിഥുൻ ചെങ്ങമനാട്, എം.വി. ഷിബു, പത്മജ ബാബുരാജ്, ലീന സജീഷ്, അപ്പു മണ്ണാഞ്ചേരി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉപവാസത്തിൽ പങ്കെടുത്തു. നേതാക്കളായ എ.കെ. നസീർ, കെ.എസ്. രാജേഷ്, കെ.എസ്. ഷൈജു, എം.എൻ. ഗോപി, ലത ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.
കീഴ്മാട് പഞ്ചായത്തിൽ നിയോജക മണ്ഡലം സെക്രട്ടറി എം.വി. ഷിബു ഉപവാസം അനുഷ്ഠിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് വിജയൻ മുളംകുഴി, കർഷ മേർച്ച മണ്ഡലം പ്രസിഡൻ്റ് കെ.ആർ. റെജി, പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, എം.വി. ഷൈമോൻ എന്നിവർ സംസാരിച്ചു.