പള്ളുരുത്തി: കണ്ടെയ്ൻമെന്റ് സോണുകളിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ള കടകളിൽ അമിതവില ഈടാക്കുന്നതായി പരാതി. പാലും പച്ചക്കറിയും ഭക്ഷ്യധാന്യങ്ങളടക്കം എല്ലാ ഉത്പന്നങ്ങൾക്കും ഒരു രൂപ മുതൽ അഞ്ച് രൂപ വരെ ഉയർത്തിയാണ് കച്ചവടം. കർശന നിയന്ത്രണമുള്ള ഇത്തരം സോണുകളിൽ പുറത്തേക്കോ അകത്തേക്കോ കടക്കാൻ അനുമതിയില്ല. ഇതിനാൽ പ്രദേശവാസികൾക്ക് തുറന്ന് പ്രവൃത്തിക്കാൻ അനുമതിയുള്ള പലചരക്ക് കടകളെ മാത്രമേ ആശ്രയിക്കാൻ കഴിയൂ. ഇത് മുതലെടുത്താണ് വിലകൂട്ടി വില്പന.

പശ്ചിമകൊച്ചിയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇതിനോടകം കണ്ടെയ്ൻമെന്റ് സോണിലാണ്. മൂന്നാഴ്ചയോളമായി അടഞ്ഞു കിടക്കുന്നതിനാൽ ഭൂരിഭാഗം കുടുംബങ്ങളും സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണ്. കടം വാങ്ങിയും ബന്ധുക്കൾ നൽകുന്ന സഹായവും കൊണ്ടാണ് പലരും പിടിച്ച് നിൽക്കുന്നത്. ഈ ഘട്ടത്തിൽ ഒരു രൂപയുടെ വിലക്കയറ്റം പോലും ഇവർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

അതേസമയം കണ്ടെയ്ൻമെന്റ് സോണുകളിലെ കടകളിൽ വില ഏകീകരണം നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ചെല്ലാനത്തും ഇതേ അവസ്ഥയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചെല്ലാനത്തെ 17 വാർഡുകളും ഫോർട്ടുകൊച്ചി, മേഖലയിൽ ഒന്നു മുതൽ അഞ്ചും ഡിവിഷനും പള്ളുരുത്തിയിൽ ഇരുപതാം ഡിവിഷനുമാണ് കണ്ടെയ്ൻമെന്റ് സോൺ. പത്തൊൻപതാം ഡിവിഷനായ കച്ചേരിപ്പടി ഏത് നിമിഷവും അടച്ചുപൂട്ടാൻ സാദ്ധ്യതയുണ്ട്. രോഗബാധയില്ലാത്ത ഡിവിഷനുകൾ തുറക്കാൻ അനുവദിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.ഇത് സംബന്ധിച്ച് രാഷ്ട്രീയ പ്രതിനിധികൾ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയായി ജോലിയില്ല. എന്നിരുന്നാലും ഭക്ഷണം കഴിക്കാതെ നിവർത്തിയില്ലല്ലോ. പുറത്തേക്ക് പൊലീസ് വിടില്ല. തുറന്ന് പ്രവർത്തിക്കുന്ന കടകൾ അമിതലാഭം ഈടാക്കാതെ ന്യായവില ഈടാക്കണം.

അനിൽകുമാർ,

നമ്പ്യാപുരം ഡിവിഷൻ,

പള്ളുരുത്തി.

മാർച്ച് മാസം മുതൽ ജോലി ഇല്ല. ആവശ്യ സാധനങ്ങൾക്ക് വില നിത്യേന കുടിക്കൊണ്ടിരിക്കുകയാണ്. അടച്ചു പൂട്ടിയ പ്രദേശമായ 2 മുതൽ 6 വരെയുള്ള ഡിവിഷനുകളിൽ കടകളിൽ ന്യായവില ഈടാക്കണം. റേഷൻ കടകളിൽ നിന്നും ലഭിക്കുന്ന അരി മാത്രം പോരല്ലോ....

വിനോദ് കുമാർ

ഫോർട്ടുകൊച്ചി.

ഒരു മാസമായി ചെല്ലാനം അടച്ചു പൂട്ടിയിരിക്കുകയാണ്. നല്ല ഭക്ഷണം കഴിച്ചിട്ട് ആഴ്ചകളായി. ആരെങ്കിലും കനിഞ്ഞ് തരുന്ന ഭക്ഷണമാണ് പ്രതീക്ഷ. പച്ചക്കറികൾക്ക് വരെ തീവിലയാണ്.കടൽവെള്ളം കയറി കടകളിലെ ഭക്ഷണ സാധനങ്ങളെല്ലാം നശിച്ചു. അതിന്റെ തുകയും കൂടി കടക്കാർ നാട്ടുകാരുടെ കൈയിൽ നിന്നും ഈടാക്കുന്ന സ്ഥിതിയാണ്.

സെബാസ്റ്റ്യൻ,

സൗത്ത് ചെല്ലാനം.