പറവൂർ : കരാറുകാർക്ക് സർക്കാർ നൽകിയ വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ച് വാട്ടർ അതോറിറ്റി കരാറുകാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. വാട്ടർ അതോറിറ്റിയിൽ അറ്റകുറ്റപ്പണികളും പുതിയ പൈപ്പ് ലൈൻ വർക്കുകൾ നടത്തിയ വകയിലും കരാറുകാർക്ക് ലക്ഷക്കണക്കിന് രൂപ കുടിശിക വന്നതോടെ കേരള വാട്ടർ അതോറിറ്റി കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ അനിശ്ചിതകാല സമരം നടത്തിയിരുന്നു. ഇതിനെത്തുടർന്ന് ധനകാര്യമന്ത്രിയും ജലവിഭവവകുപ്പ് മന്ത്രിയും വാട്ടർ അതോറിറ്റി മോധാവികളും അസോസിയേഷൻ ഭാരവാഹികളും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കുടിശികയായ ബില്ലുകൾ ഉടനടി തീർത്തുനൽകുമെന്ന് ഉറപ്പ് കൊടുത്തതോടെ സമരം പിൻവലിച്ചിരുന്നു. എന്നാൽ ഇതേവരെ കുടിശിക തീർക്കാനോ ബി.ഡി.എസ് നടപ്പിലാക്കാനോ സർക്കാരും അതോറിറ്റിയും തയ്യാറായില്ലെന്ന് കരാറുകാർ പറയുന്നു. കൊവിഡ് ദുരിതകാലത്ത് കടക്കെണിയിലായി ജീവിതം വഴിമുട്ടിനിൽക്കുന്ന കരാറുകാർക്ക് സമരമല്ലാതെ വേറെ മാർഗമില്ലാത്ത സാഹചര്യത്തിലാണ് അസോസിയേഷൻ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചതെന്ന് നേതാക്കൾ പറയുന്നു.
കരാറുകാർക്ക് രണ്ട് വർഷമായി നൽകാനുള്ള അറ്റകുറ്റപ്പണികളുടെയും എസ്.ഡി.എഫ്, എ.ഡി.എഫ്, സ്റ്റേറ്റ് പ്ലാൻ, വരൾച്ച, പ്രളയ മെയിന്റനൻസ്, കിഫ്ബി വർക്കുകൾ എന്നിവയുടെ കുടിശിക മുഴുവനായി തീർക്കുക, ചെറുകിട കരാർ മേഖലയെ അട്ടിമറിക്കുന്ന അതോറിറ്റിയുടെ നടപടി അവസാനിപ്പിക്കുക, കരാറുകാരുടെ നട്ടെല്ലൊടിക്കുന്ന എഗ്രിമെന്റ് നിയമങ്ങളും അശാസ്ത്രീയ ടെൻഡർ വ്യവസ്ഥകളും അതോറിറ്റി പിൻവലിക്കുക, അന്യായമായി വർദ്ധിപ്പിച്ച പൈപ്പ് ലൈൻ ടെസ്റ്റിംഗ് ഫീസ് കരാറുകാരുടെ ചുമലിൽ നൽകാതെ വാട്ടർ അതോറിറ്റി സ്വയം വഹിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള വാട്ടർ അതോറിറ്റി കോൺട്രാക്ടേഴ്സ് അസോസിയേഷൻ അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു.