കൊച്ചി: വരുമാനനഷ്ടവും സാമ്പത്തികബാദ്ധ്യതയും മൂലം നികുതി ഇളവിനായുള്ള ജി ഫോം നൽകി ജില്ലയിലെ ഭൂരിഭാഗം സ്വകാര്യ ബസുകളും കയറ്റിയിട്ടതോടെ യാത്രക്കാർ ദുരിതത്തിലായി. എഴുപതോളം ബസുകൾ മാത്രമാണ് ഇന്നലെ നിരത്തിലിറങ്ങിയത്. ജില്ലയിലെ സ്വകാര്യബസുകളെല്ലാം ജി ഫോം നൽകി കയറ്റിയിടുമെന്നാണ് ബസുടമകൾ അറിയിച്ചിരുന്നത്. എന്നാൽ കുറച്ചു ബസുകളെങ്കിലും നിരത്തിലിറങ്ങിയത് യാത്രക്കാർക്ക് ആശ്വാസമായി.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സർവീസുകൾ പൂർണമായും നിർത്തിവെക്കാനാണ് സാദ്ധ്യത. ഇടക്കാലത്ത് സ്വകാര്യ ബസുകൾ കൂട്ടത്തോടെ സർവീസ് അവസാനിപ്പിച്ചിരുന്നെങ്കിലും ബസ് ചാർജ് വർദ്ധന നടപ്പിലായതോടെ ഭൂരിഭാഗം ബസുകളും സർവീസ് പുനരാരംഭിച്ചിരുന്നു. എന്നാൽ നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ ഡിസംബർ വരെയുള്ള റോഡ് നികുതി ഒഴിവാക്കി നൽകണമെന്ന ബസുടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല. നികുതി അടയ്ക്കാനുള്ള സമയം നീട്ടിനൽകാമെന്നാണ് ഗതാഗതവകുപ്പിന്റെ നിലപാടെങ്കിലും ബസുടമകൾക്ക് ഇതിനോട് യോജിപ്പില്ല.

കൊവിഡ് ഭീതി നിലനിൽക്കുകയാണെങ്കിലും ഒരു വിഭാഗം ആളുകൾ സ്വകാര്യ ബസുകളെയാണ് ആശ്രയിച്ചിരുന്നത്. നിരക്കു വർദ്ധനവു വന്നിട്ടും നഷ്ടം താങ്ങാനാവാതെ വന്നതോടെയാണ് ഉടമകൾ കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

രാവിലെയും വൈകിട്ടും മാത്രമാണ് ആളുകൾ ബസിൽ കയറുന്നത്. കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ വന്നതും സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് പൊതുഗതാഗതം ഉപയോഗിക്കുന്നതിന് നിയന്ത്രണം വന്നതും സ്വകാര്യ ബസുകൾക്ക് തിരിച്ചടിയായി. പലയിടങ്ങളിലും ബസ് ജീവനക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടു മൂലമാണ് ബസുടമകൾ സർവീസ് നടത്താൻ അനുവദിച്ചത്. എന്നാൽ ഇപ്പോൾ ബസ് ഓടിക്കേണ്ടെന്ന കടുത്ത തീരുമാനത്തിലാണ് ബസുടമകൾ.