കൊച്ചി: പുത്തൻ വിദ്യാഭ്യാസനയം സർവകലാശാലകളുടെ ഭാവി തകർക്കുന്നതാണെന്ന് കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്‌സിറ്റി എംപ്ലോയിസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. ബിജു പറഞ്ഞു. പാർലമെന്റിൽ പോലും ചർച്ചചെയ്യാതെ നടപ്പാക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസനയം രാജ്യത്തെ വൈവിദ്ധ്യങ്ങളെ നിരാകരിച്ച് സംഘപരിവാറിന്റെ കാവിവത്കരണം ശക്തിപ്പെടുത്തുന്നതും സ്വകാര്യ വിദ്യാഭ്യാസക്കച്ചവടത്തിന് അവസരമൊരുക്കുന്നതുമാണ്. യു.ജി.സിയെ പൊളിച്ചെറിഞ്ഞ് ഉന്നത വിദ്യാഭ്യാസരംഗത്ത് സമ്പൂർണ ഏകാധിപത്യത്തിനും വഴിയൊരുക്കുകയാണ്. ഇതിനെതിരെ പ്രതിഷേധ സമരം ശക്തമാക്കും. അഞ്ചിന് സംസ്ഥാനത്തെ സർവകലാശാലകളിൽ പ്രതിഷേധദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.