swapna-sandeep

കൊച്ചി: നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്തിൽ യു.എ.ഇ കോൺസുലേറ്റ് അറ്റാഷെ റാഷിദ് ഖാമിസിനെയും പറ്റിച്ചെന്ന് സ്വപ്‌നയും സന്ദീപ് നായരും കസ്‌റ്റംസിന്റെ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. അറ്റാഷെ കമ്മിഷൻ കൂടുതൽ ചോദിച്ചതോടെ കടത്തിയ സ്വർണത്തിന്റെ അളവ് കുറച്ചു പറഞ്ഞാണ് കബളിപ്പിച്ചത്.

ലോക്ക് ഡൗണിന് മുമ്പുവരെ 20 തവണ സ്വർണംകടത്തി. ഓരോ തവണയും അഞ്ചു മുതൽ ഏഴുകിലാേ വരെയാണ് കൊണ്ടുവന്നിരുന്നത്. ഏറ്റവും കൂടുതലായി എത്തിയ 35 കിലോയാണ് പിടിക്കപ്പെട്ടത്. ലോക്ക് ഡൗൺ സമയത്ത് കൂടുതൽ സ്വർണം കടത്തണമെന്ന റെമീസിന്റെ നിർദേശപ്രകാരമാണ് ദുബായിൽനിന്ന് ഫൈസൽ ഫരീദ് 35 കിലോ അയച്ചത്. അറ്റാഷെയോട് മിക്കപ്പോഴും മൂന്നുകിലോ സ്വർണം കടത്തിയെന്നാണ് പറഞ്ഞിരുന്നത്.

അതേസമയം തടഞ്ഞുവച്ച ബാഗേജ് വിട്ടുകിട്ടുന്നതിനായി സ്വപ്‌ന വിളിച്ചിരുന്നതായി ശിവശങ്കർ എൻ.ഐ.എയ്ക്ക് മൊഴി നൽകിയെന്ന വിവരവും പുറത്തുവന്നു. എന്നാൽ നയതന്ത്ര ബാഗേജായതിനാൽ ഇടപെടാൻ കഴിയില്ലെന്ന് അറിയിച്ചു. ബാഗിൽ സ്വർണമാണെന്ന് അറിഞ്ഞിരുന്നില്ല. കടത്തുമായി ബന്ധപ്പെട്ട് കൂടുതലൊന്നും അറിയില്ലെന്നും ശിവശങ്കർ വ്യക്തമാക്കി.