കോലഞ്ചേരി: ദുരിതങ്ങൾക്ക് അറുതി ഇല്ലാതെ കിഴക്കമ്പലം പഴങ്ങനാട്ടിലെ താറാവ് കർഷകർ. 2012 ൽ പക്ഷിപ്പനി, 2020 ൽ കൊവിഡ്,ഇതോടെ നൂറുകണക്കിനു താറാവു കർഷകരുടെ ജീവിതമാണ് വഴിമുട്ടിയത്. 2012, 2014,2016 വർഷങ്ങളിൽ പക്ഷിപ്പനി മൂലം ലക്ഷക്കണക്കിനു താറാവുകൾ ചത്തിരുന്നു. 2018 ൽ പ്രളയത്തിൽ ആയിരക്കണക്കിന് താറാവുകൾ ഒഴുകിപ്പോയി. കൊവിഡ് വന്നതോടെ തീ​റ്റ കൊടുക്കാനും തൊഴിലാളികൾക്ക് വേതനം കൊടുക്കാനും മാർഗമില്ലാതെ ബുദ്ധിമുട്ടുകയാണ് കർഷകർ.

# തീറ്റ കിട്ടുന്നില്ല

കൊവിഡ് വ്യാപനത്തോടെ താറാവു തീ​റ്റ കിട്ടുന്നില്ല. ഇത് മുട്ടയിടുന്ന താറാവുകളെയാണ് ഏറെ ബാധിച്ചിരിക്കുന്നത്. താറാവുകൾകൾക്കായി അരി (മങ്കരി) എന്ന പേരിൽ വിലകുറഞ്ഞ അരി സുലഭമായി ലഭിച്ചിരുന്നു.ഇപ്പോൾ ലഭിക്കുന്നില്ല. 1000 താറാവിന് 120 കിലോ അരി വേണം. കിലോയ്ക്ക് 14 രൂപയ്ക്കാണു ലഭിച്ചിരുന്നത്. മുട്ടയിടുന്ന താറാവിന് ഏ​റ്റവും അത്യാവശ്യം വേണ്ട ആഹാരമാണ് ചെമ്മീൻ തല. അരൂരിലെ പീലിംഗ് കേന്ദ്രങ്ങളിൽ നിന്നായിരുന്നു ഇത് എത്തിച്ചിരുന്നത്. കയറ്റുമതി നിലച്ച് പീലിംഗ് കേന്ദ്രങ്ങൾ അടച്ചതോടെ കിട്ടാനില്ല.കോറ കക്കയും ലഭിക്കുന്നില്ല.

# പ്രതിരോധ മരുന്നുകൾ ലഭിക്കുന്നില്ല

ഗതാഗതം കുറഞ്ഞതോടെ വഴിയോരക്കച്ചവടം പകുതിയിൽ താഴെയായി.ബാറുകളിലും,ഹോട്ടലുകളിലും,ചായക്കടകളിലും,തട്ടുകടകളിലും,ബജ്ജി കടകളിലുമായി നിത്യേന ആയിരക്കണക്കിനു മുട്ടകളാണ് വി​റ്റിരുന്നത്. ഇപ്പോൾ 40 ശതമാനം പോലും ചിലവില്ല.താറാവുകളുടെ പ്രതിരോധ മരുന്നുകളുടെ ഉൽപാദനം നടക്കുന്നത് തിരുവനന്തപുരം പാലോട് മൃഗസംരക്ഷണ കേന്ദ്രത്തിനു കീഴിലാണ്. നിയന്ത്രണങ്ങൾ മൂലം സംസ്ഥാനത്ത് മൊത്തമായി വേണ്ട പ്രതിരോധ മരുന്നുകൾ നിർമിക്കാനാകുന്നില്ല. അതിനാൽ കർഷകർക്ക് ആവശ്യമായ മരുന്നുകൾ വിതരണം ചെയ്യാനും കഴിയുന്നില്ല.

# താറാവ് ഇറച്ചിയും ആളില്ല

വിളവെടുത്ത് കഴിഞ്ഞ നെൽകൃഷിയിടങ്ങളിൽ ഇറക്കി തീറ്റ തേടുന്ന പതിവും ഇക്കുറി നടപ്പാക്കാനായില്ല. കൊവിഡ് ഭീതിയിൽ താറാവു നോട്ടക്കാരെ നാട്ടുകാർ അടുപ്പിക്കുന്നില്ല. താറാവിറച്ചിയ്ക്കും ആവശ്യക്കാർ കുറഞ്ഞു. പ്രധാനമായും കള്ളു ഷാപ്പ് വിഭവമായിരുന്നു താറാവു കറി. ഷാപ്പുകളിൽ ഭക്ഷണ വില്പന നിലച്ചതോട‌െ ഇറച്ചി വില്പനയും പ്രതിസന്ധിയിലായെന്ന് നാളുകളായി താറാവു കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന മനയ്ക്കക്കടവിലെ വറീത് പറയുന്നു.