# ഓർത്തോ വാർഡ് അടച്ചു
# ഗൈനക്കോളജി വിഭാഗം അടച്ചിടുമെന്ന് സൂചന
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ അഞ്ച് നഴ്‌സുമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിപ്രവർത്തനം പ്രതിസന്ധിയിൽ. പ്രസവവാർഡിലെ നഴ്‌സുമാർക്കാണ് രോഗബാധ കണ്ടെത്തിയത്. സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മൂന്ന് ഗർഭിണികൾക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. നഴ്‌സുമാർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഗൈനക്കോളജി വിഭാഗം അടച്ചിടുമെന്നാണ് സൂചന. ഗൈനക്കോളജി ഒ.പി വിഭാഗം പ്രവർത്തിക്കും. സ്ത്രീകളുടെ ഓർത്തോവിഭാഗത്തിലെ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഓർത്തോ വാർഡ് അടച്ചു.
ഗർഭിണികളുടെ സമ്പർക്കപട്ടികയിലുള്ള നഴ്‌സുമാർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ചികിത്സയിലുള്ള 14 ഗർഭിണിമാരും അവരുടെ കൂട്ടിരിപ്പുകാരുമുൾപ്പെടെ 30 പേർ നിരീക്ഷണത്തിലാണ്. ജനറൽ ആശുപത്രിയിൽ ഡോക്ടർമാർക്കും നഴ്‌സുമാർക്കും നേരത്തെ രോഗം ബാധിച്ചിരുന്നു.
ചെല്ലാനത്ത് ആദ്യം രോഗം സ്ഥിരീകരിച്ച സത്രീ അത്യാഹിത വിഭാഗത്തിൽ കുറച്ചുദിവസം ചികിത്സയിലായിരുന്നു. ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഡോക്ടർമാരും നഴ്‌സുമാരും ഹൗസ് സൗർജൻമാരും ശുചീകരണ തൊഴിലാളികളുമുൾപ്പെടെ എഴുപതോളം പേർ നിരീക്ഷണത്തിൽ പോയത് അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. പിന്നീട് ഹൃദ്രോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു 14 ഡോക്ടർമാരാണ് ക്വാറന്റെയിനിൽ പോയത്. ആശുപത്രിയിലെ മനോരോഗചികിത്സാവിഭാഗത്തിലെ ഡോക്ടർക്കും പിന്നീട് രോഗം സ്ഥിരീകരിച്ചിരുന്നു.