കൊച്ചി: മീനില്ലെങ്കിൽ ചോറിറങ്ങാത്ത അസൽ കൊച്ചിക്കാരനായ നടൻ ധർമ്മജൻ ബോൾഗാട്ടി ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല. കടൽ മീനില്ലെങ്കിൽ കായൽ മീനുണ്ടല്ലോയെന്ന് ധർമ്മജൻ പറയുന്നു. "കൊവിഡ് വന്നെങ്കിലും മീൻ കഴിച്ചുള്ള ഊണ് ശീലത്തിന് ഒരു മാറ്റവും വന്നിട്ടില്ല. അല്ലെങ്കിലും പള്ളത്തി, ചെറുചെമ്മീൻ, കൊഴുവ, കുഞ്ഞുകരിമീൻ ഇതൊക്കെയാണ് എന്റെ ഇഷ്ടമത്സ്യങ്ങൾ.
ഞങ്ങൾ കൊച്ചിക്കാർ അച്ചിങ്ങ, പീച്ചിങ്ങ അങ്ങനെയെന്തു പച്ചക്കറി വയ്ക്കുമ്പോഴും അതിൽ ചെറിയ ചെമ്മീനിടാറുണ്ട്. അതിന്റെ രുചിയൊന്ന് വേറെയാണ്. മറ്ര് ജില്ലകളിലുള്ള പല സിനിമാക്കാർക്കും അതൊരത്ഭുതമാണ്. നായകനും നായികയും ചേരുന്നപോലെ പല പച്ചക്കറികളും ചെമ്മീനും തമ്മിലൊരു കോമ്പിനേഷനുണ്ട്.
ഒരു പൂന്തോട്ടത്തിലൂടെ നടക്കുന്നതിനേക്കാൾ സന്തോഷമാണെനിക്ക് ഒരു മീൻ മാർക്കറ്റിലൂടെ നടക്കുമ്പോൾ. പൊന്നുപോലെയാണ് ഞാൻ മീനിനെ കാണുന്നത്. അതുകൊണ്ടാണ് മീൻവില്പനരംഗത്തേക്ക് കടന്നതും. ധർമ്മൂസ് ഫിഷ് ഹബിന് 25 ഔട്ട്ലെറ്റുണ്ട് കേരളത്തിലെങ്ങും. ചെറുവള്ളങ്ങളിൽ പോയി മീൻപിടിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ നിന്നാണ് മീനെടുക്കുന്നത്. അവർക്ക് കിട്ടാത്ത ഒരുമീനും കടയിലെത്തിക്കാറില്ല. മൂന്ന് നാല് മാസം പഴക്കമുള്ള മീൻ കാണുമ്പോഴേ മനസിലാകും.