lek

ലക്ഷ്മിയും ശിവാഗും ഔട്ട് ഡോർ ചിത്രീകരണവേളയിൽ

കൊച്ചി: ലോക്ക് ഡൗണിലെ ബോറടിമാറ്റാൻ ചുറ്റുവട്ടങ്ങളെ ഫ്രെയിമിലാക്കിയ കുഞ്ഞ് സഹോദരങ്ങളായ ലക്ഷ്മിയും ശിവാഗും താരങ്ങളായി. മൊബൈൽ ഫോണിൽ ഇവരെടുത്ത ചിത്രങ്ങൾക്ക് ലോകം മുഴുവൻ ആരാധകരാണിപ്പോൾ. www.kidsownpic.com എന്ന സ്വന്തം വെബ് സൈറ്റിൽ ഇവർ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ സൈബർ ലോകത്ത് വൈറലാണ്. കോട്ടയം റബർ ബോർഡ് കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ലക്ഷ്മി. ശിവാഗ് പുതുപ്പള്ളി ശ്രീനാരായണ സെൻട്രൽ സ്കൂളിലെ മൂന്നാം ക്ലാസുകാരനും. ആഫ്രിക്കയിലെ കോംഗോയിൽ ബഹുരാഷ്ട്ര കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ കുമളി അമരാവതി കിഴക്കേകുറിയിടത്ത് കെ.ജി. ഓമനക്കുട്ടന്റെയും കമ്പ്യൂട്ടർ എൻജിനിയറായ കവിതയുടെയും മക്കളാണ്.

ഓൺലൈൻ ക്ലാസുകളുടെ ഇടവേളകളിൽ മൊബൈൽ ഫോണുമെടുത്ത് ഇരുവരും കോട്ടയം മാങ്ങാനത്തുള്ള വീടിന്റെ തൊടിയിലേക്കിറങ്ങും.പൂക്കളും ചെടികളും പ്രാണികളും പക്ഷിയുമെല്ലാം അങ്ങനെ ഇവരുടെ കാമറക്കണ്ണ് ഒപ്പിയെടുക്കും. വീട്ടിലുള്ള ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ളവയും ചിത്രീകരിക്കും. തുടർന്ന് കമ്പ്യൂട്ടറിൽ പകർത്തി ഫോട്ടോകളുടെ മികവ് പരിശോധിക്കും.

 സ്വന്തം വെബ്സൈറ്റ്

മക്കളുടെ ചിത്രശേഖരം കൂടിയതോടെ മാതാപിതാക്കളാണ് www.kidsownpic.com എന്ന വെബ് സൈറ്റ് തയ്യാറാക്കി നൽകിയത്. അതോടെ ചിത്രമെടുപ്പും സൈറ്റിൽ അപ്‌ലോഡുമായി ഇരുവരും തിരക്കിലുമായി. ഒരു മാസത്തിനകം 2,500 ലധികം ചിത്രങ്ങളാണ് സൈറ്റിലെത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 5,000 ലേറെപ്പേരാണ് ഇത് കണ്ടത്. ഇതിനൊപ്പം പലഹാരങ്ങളും പാനീയങ്ങളും തയ്യാറാക്കുന്ന വീഡിയോയും ലക്ഷ്‌മി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു.