pritwi

 മരണത്തിനു മുൻപ് നഷ്ടമായത് 19 മണിക്കൂർ

 കുഞ്ഞിന് വിദഗ്ദ്ധ ചികിത്സ ലഭിച്ചില്ലെന്ന് പരാതി

 അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

 മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

ആലുവ: അബദ്ധത്തിൽ നാണയത്തുട്ട് വിഴുങ്ങിയ കുരുന്നു മകനെയും വാരിപ്പിടിച്ച് മൂന്ന് സർക്കാർ ആശുപത്രികളിലായി ഒരു പകലും രാത്രിയും ഓടിനടന്നിട്ടും,​ ജീവനു കാവലാകേണ്ടവർ കൈയൊഴിഞ്ഞതു മൂലം ഒടുവിൽ ചേതനയറ്റ ശരീരം ഏറ്റുവാങ്ങേണ്ടിവന്ന ഒരമ്മയുടെ പൊള്ളുന്ന കണ്ണീരിനു മുന്നിൽ വേദനയോടെ തലകുനിച്ച് കേരളം.

ആലുവ കടുങ്ങല്ലൂർ വളഞ്ഞമ്പലം കൊടിമുറ്റത്ത് വാടകവീട്ടിൽ താമസിക്കുന്ന കൊല്ലം പൂതകുളം നെല്ലേറ്റിൽ തോണിപ്പാറ ലക്ഷംവീട് കോളനിയിൽ നന്ദിനി- രാജു ദമ്പതികൾക്കാണ് ആലപ്പുഴ മെഡി. കോളേജ് ഉൾപ്പെടെ മൂന്ന് സർക്കാർ ആശുപത്രികളുടെ അലംഭാവം കാരണം ഏകമകനായ മൂന്നുവയസുകാരൻ പൃഥ്വിരാജിനെ അവന്റെ പിറന്നാളിന് 10 ദിവസം മുമ്പ് നഷ്ടമായത്.

കുഞ്ഞിനെ ആദ്യമെത്തിച്ച ആലുവയിലെ ജില്ലാ ആശുപത്രിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളം ജില്ലാ ആശുപത്രിയിലേക്കും,​ പിന്നീട് ആലപ്പുഴ മെഡി. കോളേജ് ആശുപത്രിയിലേക്കും പറഞ്ഞയയ്ക്കപ്പെട്ട കുഞ്ഞ് ഇന്നലെ രാവിലെ ഏഴിന് മരണമടയുമ്പോൾ നാണയം വിഴുങ്ങിക്കഴിഞ്ഞ് 19 മണിക്കൂർ പിന്നിട്ടിരുന്നു. മൂന്ന് ആശുപത്രികളിലായി ഓടിത്തളർന്ന് ശനിയാഴ്ച അർദ്ധരാത്രിക്കുശേഷം വീട്ടിലെത്തിയ അമ്മയും മുത്തശ്ശിയും ഇന്നലെ രാവിലെ കുഞ്ഞിനെ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് കളമശേരി മെഡി. കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. വൈകിട്ട് കൊല്ലത്ത് മാതാവിന്റെ ജന്മനാട്ടിൽ സംസ്കരിക്കും. കുഞ്ഞിന്റെ അച്ഛൻ,​ കർണാടക സ്വദേശിയായ രാജു ബംഗളൂരുവിലെ ഒരു കമ്പനിയിൽ സൂപ്പർവൈസർ ആണ്. നന്ദിനി താമസിക്കുന്ന വളഞ്ഞമ്പലം മേഖല കൊവിഡ് കണ്ടെയ്ൻമെന്റ് സോൺ ആയതിനാൽ കുട്ടിയെ അഡ്മിറ്റ് ചെയ്യാനാവില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായാണ് ആക്ഷേപം. മരണശേഷം കുഞ്ഞിന് കൊവിഡ് പരിശോധന നടത്തിയെങ്കിലും വൈകിട്ടോടെ നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.

സംഭവത്തിൽ മന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെയ്ക്കാണ് അന്വേഷണ ചുമതല. കേരളത്തിന്റെ മനസ്സുലച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.