അങ്കമാലി: കറുകുറ്റിമൂക്കന്നൂർ കുടിവെള്ള പദ്ധതിയ്ക്കായി വെള്ളം ലഭ്യമാക്കുന്ന ഏഴാറ്റുമുഖം ഗ്രാമവാസികൾക്ക് കുടിവെള്ള കണക്ഷൻ ലഭിക്കാൻ നടപടികളായി.ഇതിനായി ജില്ലാ പഞ്ചായത്ത് പതിനൊന്ന് ലക്ഷം രൂപ മുടക്കി പൈപ്പുകൾ സ്ഥാപിക്കും.കറുകുറ്റിപഞ്ചായത്തിലെ ഏഴാം വാർഡിൽ ഏഴാറ്റുമുഖം വെള്ളപ്പാറ അമ്പലം മുതൽ ചെക്ക് പോസ്റ്റ് വരെയുള്ള കുടുംബങ്ങൾക്ക് ചാലക്കുടി ഇടതുകര കനാലിൽ വെള്ളം ഇല്ലാതായാൽ രൂക്ഷമായ വെള്ളക്ഷാമമാണ്. കൺമുൻപിലൂടെ കടന്നു പോകുന്ന കറുകുറ്റി മൂക്കന്നൂർ പദ്ധതിയിൽ യാഥാർത്ഥ്യമാക്കാൻ അനുയോജ്യമായ സ്ഥലവും ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് വഴി നിർമ്മിക്കാൻ സ്ഥലം ലഭ്യമാക്കിയ കുടുംബങ്ങൾ കൂടി വെള്ളത്തിനായി കറുകുറ്റി മൂക്കന്നൂർ കുടിവെള്ള പദ്ധതിയിൽ നിന്നും കണക്ഷൻ എടുക്കുന്നതിന് ജല അതോറിറ്റിയെ സമീപിപ്പോഴാണ് ഈ ഭാഗത്ത് വിതരണ പൈപ്പുകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ കണക്ഷൻ നൽകാൻ സാദ്ധ്യമല്ല എന്ന വിവരം ജനങ്ങൾ അറിയുന്നത്.

# കാലങ്ങളുടെ പഴക്കം

1991ൽ കുടിവെള്ള പദ്ധതി പ്രാവർത്തികമാക്കിയപ്പോൾ നാട്ടുകാർക്ക് കുടിവെള്ള കണക്ഷനും നൽകാമെന്ന വാഗ്ദാനം അധികൃതർ പാലിച്ചില്ല . പമ്പ് ചെയ്ത് കൊണ്ടുപോകുന്ന വെള്ളം തങ്ങൾക്ക് വറുതി കാലത്ത് ലഭിക്കാത്തതിനെതിരായി പ്രദേശവാസികൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചെങ്കിലും പമ്പിംഗ് മെയിൻ പൈപ്പ് മാത്രമാണ് ഈ മേഖലയിലൂടെ കടന്നു പോകുന്നത്.മെയിൽ പൈപ്പിൽ നിന്നും വെള്ളം വിതരണം ചെയ്യാനാകില്ലന്നും കൂടി വെള്ളം എത്തിക്കണമെങ്കിൽ വേറെ പൈപ്പ് സ്ഥാപിക്കണമെന്നുമായി വാട്ടർ അതോറിറ്റി അധികൃതരുടെ നിലപാട് .തുടർന്ന് വെള്ളത്തിനായി നിരവധി പ്രക്ഷോഭം നടന്നു.

# നടപടി കോൺഗ്രസ് നൽകിയ നിവേദനത്തെ തുടർന്ന്

പൈപ്പ് സ്ഥാപിച്ച് കുടിവെള്ളമെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി. പോളിയുടെ നേതൃത്വത്തിൽ ജന പ്രതിനിധികൾക്ക് നിവേദനങ്ങൾ നൽകിയതിനെ തുടർന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.വി. ടോമി 11 ലക്ഷം രൂപ അനുവദിക്കുകയും യുദ്ധകാലാടിസ്ഥാനത്തിൽ പൈപ്പുകൾ സ്ഥാപിക്കാൻ തുക ജല അതോറിറ്റിക്ക് കൈമാറി.

# അപേക്ഷ നൽകിയിട്ടുണ്ട്

ജല അതോറിറ്റി ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു. എന്നാൽ ആഗസ്റ്റ് 31 വരെ പി.ഡബ്ല്യു.ഡി റോഡ് കുത്തി പൊളിക്കാൻ പാടില്ലന്ന ഉത്തരവ് ഈ ജോലിക്ക് തടസമാകരുതെന്ന് കെ. പി. പോളി അധികൃതരോട് ആവശ്യപ്പെട്ടു. ആലുവായിലുള്ള എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് കണ്ടെയ്‌മെന്റ് സോണിലായതുകൊണ്ട് പൈപ്പ് കൊണ്ടുവരാൻ കഴിയാത്തതാണ് പൈപ്പ് സ്ഥാപിക്കുന്ന നിർമ്മാണം തുടരാനാകാത്തത്.റോഡ് മുറിച്ചു കടക്കുന്നതിന് പിഡബ്‌ളിയു അധികരുടെ അനുവാദത്തിന് അപേക്ഷ കൊടുത്തിട്ടുണ്ടെന്നും വാട്ടർ അതോറിറ്റി അങ്കമാലി എ.ഇ.അറിയിച്ചു.