കൊച്ചി: ഒരുമാസംനീണ്ട അടച്ചിടലിനൊടുവിൽ എറണാകുളം മാർക്കറ്റും സമീപത്തെ വ്യാപാരകേന്ദ്രങ്ങളും ഇന്ന് മുതൽ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും. മാർക്കറ്റ് റോഡിൽ കൊവിഡ് ബാധിച്ച് ഒരു വ്യാപാരി മരിക്കുകയും നിരവധിപേർക്ക് രോഗംബാധിക്കുകയും ചെയ്തതിനെത്തുടർന്നാണ് എറണാകുളം മാർക്കറ്റിലെയും പരിസരത്തെയും എല്ലാ കടകളും അടപ്പിച്ചത്.
കഴിഞ്ഞആഴ്ചയിൽ കർശനമായ നിയന്ത്രണങ്ങളോടെ ഒരുവിഭാഗം കടകൾ തുറക്കാൻ അനുമതി നൽകിയിരുന്നു. മാർക്കറ്റിലെയും പരിസരത്തെ റോഡുകളിലെയും ഒരു വശത്തെ കടകൾവീതം ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാനായിരുന്നു അനുമതി. തുറക്കുന്ന കടകളിൽ കർശനനിയന്ത്രവും ഏർപ്പെടുത്തിയിരുന്നു. പ്രവർത്തനസമയവും പരിമിതപ്പെടുത്തിയിരുന്നു. ഇതുമൂലം കാര്യമായ കച്ചവടം ലഭിച്ചിരുന്നില്ല.
# വ്യാപാര മേഖലക്ക് ഉണർവ് പകരും
ജില്ലാ ഭരണകൂടത്തിന്റെയും പൊലീസ് അധികാരികളുടെയും ഭാഗത്തുനിന്നുണ്ടായ അനുകൂല നടപടികളെത്തുടർന്നാണ് ഇന്നുമുതൽ കടകൾ പൂർണതോതിൽ പുനരാരംഭിക്കുന്നതെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് ജി. കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം. വിപിനും പറഞ്ഞു. ഒരു മാസം അനിശ്ചിതത്വത്തിലായിരുന്ന എറണാകുളം മാർക്കറ്റ് വ്യാപാരമേഖലക്ക് ഉണർവ് പകരുന്നതാണ് അനുമതി. എറണാകുളം ബസാർ മേഖലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും സർക്കാർ നിർദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കും.
# ദിവസവും പതിനായിരങ്ങൾ
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വ്യാപാരകേന്ദ്രങ്ങളിൽ ഒന്നാണ് എറണാകുളം മാർക്കറ്റ് ഉൾപ്പെടുന്ന ബസാർ മേഖല. നിത്യോപയോഗ വസ്തുക്കൾ ഉൾപ്പെടെ എല്ലാവിധ സാധനങ്ങളുടെയും മൊത്ത, ചില്ലറ വ്യാപാരകേന്ദ്രമാണിത്. എറണാകുളത്തിന് പുറമെ സമീപജില്ലകളിൽനിന്നും മൊത്തവ്യാപാരത്തിന് ആയിരങ്ങളാണ് ഇവിടെയെത്തുന്നത്. പച്ചക്കറിയും മത്സ്യമാംസാദികളും പലചരക്കും ഉൾപ്പെടെ ലഭിക്കുന്ന മാർക്കറ്റിൽ ആയിരക്കണത്തിന് ആളുകളാണ് ദിവസവും എത്തുന്നത്.
ആയിരത്തഞ്ഞൂറോളം വ്യാപാരികളും മൂവായിരത്തോളം കയറ്റിറക്ക് തൊഴിലാളികളും ഏഴായിരത്തോളം ജീവനക്കാരും ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നവരാണ്.
# നഷ്ടം കോടികൾ
വ്യാപാരം സ്തംഭിച്ചതുമൂലം കോടികളുടെ നഷ്ടം ഒരുമാസം കൊണ്ട് സംഭവിച്ചതായി വ്യാപാരികൾ പറഞ്ഞു. ഭക്ഷ്യയിനങ്ങൾ ഉൾപ്പെടെ നിരവധി വസ്തുക്കൾ കെട്ടിക്കിടന്ന് നശിച്ചു. പലതിനും ഇൻഷ്വറൻസ് ഉൾപ്പെടെ ലഭിക്കില്ല. ജി.എസ്.ടി രേഖകളുടെ സമർപ്പണം ഉൾപ്പെടെ ഇക്കാലത്ത് മുടങ്ങിയിരുന്നു.