കൊച്ചി: പാർലമെന്റിൽ ചർച്ചചെയ്യാതെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന വിദ്യാഭ്യാസനയം വികലമാണെന്നാരോപിച്ച് സർവകലാശാല ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. കാമ്പസുകളിൽ ബുധനാഴ്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സർവകലാശാല ജീവനക്കാരുടെ സംസ്ഥാനനേതാക്കൾ അറിയിച്ചു.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുന്ന വിദ്യാഭ്യാസനയം സാമൂഹ്യനീതിയുടെ അസന്തുലിതാവസ്ഥക്ക് കാരണമാകും. നിലവാരം മെച്ചപ്പെടുത്താനെന്ന പേരിൽ രഹസ്യഅജണ്ടകളാണ് നടപ്പാക്കുന്നത്. യു.ജി.സിയെ ഇല്ലാതാക്കി കമ്പോളവത്കരണത്തിനും ഏകാധിപത്യത്തിനും വഴിയൊരുക്കുന്നതാണ് നയം.

ഉന്നതവിദ്യാഭ്യാസ മേഖലയിൽനിന്ന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ പുറന്തള്ളപ്പെടും. സർവകലാശാലകളെ ഇല്ലാതാക്കുന്നത് അനദ്ധ്യാപക ജീവനക്കാരെ നേരിട്ട് ബാധിക്കും. ജീവനക്കാരുടെ എണ്ണംകുറച്ചും തസ്തികകൾ ഇല്ലാതാക്കിയും കരാർ, ദിവസവേതനവ്യവസ്ഥ നടപ്പാക്കും.

പുത്തൻനയം സർവകലാശാലകളെയും കോളേജുകളെയും കോർപ്പറേറ്റുകളുടെ ഉപശാലകളാക്കും. അനദ്ധ്യാപക ജീവനക്കാർ ഒറ്റക്കെട്ടായി ജനകീയ പ്രതിരോധത്തിൽ പങ്കാളികളാകുമെന്ന് കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.കെ. ബിജുവും ജനറൽ സെക്രട്ടറി ഹരിലാലും വ്യക്തമാക്കി.