y-con
ചികിത്സ കിട്ടാതെ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസുമായി നടത്തിയ ബലപ്രയോഗം

ആലുവ: നാണയം വിഴുങ്ങി മൂന്നുവയസുകാരൻ മരിക്കാനിടയായ സംഭവത്തിൽ ജില്ലാ ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധം ശക്തം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പ്രതിഷേധക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ പൊലീസ് കേസ് ചുമത്തിയെങ്കിലും കോടതി വൈകിട്ട് ജാമ്യം നൽകി.

ആലുവ നഗരസഭ കൗൺസിലർ എ.സി. സന്തോഷ്‌കുമാർ, ബി.ജെ.പി ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ജനറൽ സെക്രട്ടറി സെക്രട്ടറി രമണൻ ചേലക്കുന്ന്, ആശുപത്രിയിലെ സ്വകാര്യ ഏജൻസിയിലെ സെക്യൂരിറ്റി ജീവനക്കാരൻ കയന്റിക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ തലവടി കൃഷ്ണവിലാസത്തിൽ മണിയൻ (59) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കൊവിഡ് നിയമം ലംഘിച്ച് സംഘടിച്ചതിനും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്.

ബി.ജെ.പി സംഘം എത്തുന്നതിനും മുമ്പ് സ്ഥലത്തെത്തി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റോ, ജില്ലാ സെക്രട്ടറി അബ്ദുൾ റഷീദ്, നിയോജക മണ്ഡലം പ്രസിഡന്റ് ഖസിം ഖാലിദ്, മുൻ പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ബി.ജെ.പിക്കാർക്കെതിരെ ചുമത്തിയ വകുപ്പുകളാണ് ഇവർക്കെതിരെയുമുള്ളത്. എന്നാൽ ഇവരിൽ ആരെയും അറസ്റ്റുചെയ്തിട്ടില്ല.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിവരങ്ങൾ അന്വേഷിക്കാനെത്തിയ മൂന്ന് ബി.ജെ.പി നേതാക്കളെ ആലുവ എം.എൽ.എയുടെ വീഴ്ച ചൂണ്ടിക്കാണിച്ചതിനാൽ എം.എൽ.എയുടെ നിർബന്ധത്താലാണ് പൊലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തിയതെന്ന് ബി.ജെ.പി ആരോപിച്ചു. വിഷയത്തിൽ സി.പി.എമ്മും കോൺഗ്രസും ഒരേ നിലപാടുകാരാണ്. പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നതല്ലാതെ നടപടിയെടുക്കുന്നില്ല. കുറ്റക്കാർക്കെതിരെ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരമാരംഭിക്കുമെന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. സുമേഷ് എന്നിവർ അറിയിച്ചു.

അന്വേഷണം പ്രഹസനമാകരുത്:

അൻവർ സാദത്ത് എം.എൽ.എ

മൂന്നു വയസുള്ള കുട്ടി ചികിത്സകിട്ടാതെ മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് സർക്കാർ പ്രഖ്യാപിച്ച അന്വേഷണം പ്രഹസനമാകരുതെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ തക്കതായ നടപടിയുണ്ടാകണം. കൊവിഡിന്റെ മറവിൽ മറ്റ് രോഗികൾക്ക് ചികിത്സ നിഷേധിക്കരുത്. സർക്കാർ നടപടിയെടുക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. കണ്ടെയ്‌ൻമെന്റ് സോണിൽ നിന്നുള്ളവർക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യത്വരഹിത നിലപാടാണെന്നും എം.എൽ.എ പറഞ്ഞു.

ജവഹർ ബാലവേദി

നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ചികിത്സ നിഷേധിച്ച് മരണത്തിലേക്ക് തള്ളിവിട്ടവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജവഹർ ബാലവേദി ആലുവ ബ്ലോക്ക് കമ്മിറ്റി ചെയർമാൻ പി.എച്ച്.എം. ത്വൽഹത്ത് ആവശ്യപ്പെട്ടു.