കോലഞ്ചേരി: സ്വകാര്യ ബസ് സർവീസ് നിർത്താനുള്ള തീരുമാനം മേഖലയിൽ പൂർണമായും നടപ്പിലായില്ല. 23 ബസുകൾ ശനിയാഴ്ച വരെ കോലഞ്ചേരി പെരുമ്പാവൂർ മേഖലയിൽ സർവീസ് നടത്തി. 48 ബസുകളാണ് ഈ റൂട്ടിൽ ഓടുന്നത്. ജീവനക്കാരുടെ വരുമാനം നഷ്ടപ്പെടേണ്ടെന്നു കരുതിയാണ് ബസുടമകളിൽ നല്ലൊരു പങ്കും സർവീസ് തുടരാൻ തീരുമാനിച്ചത്. നികുതിയടക്കമുള്ള കാര്യങ്ങളിൽ ഒക്‌ടോബർ വരെ സർക്കാർ സാവകാശം കൊടുത്തതും ഉടമകളിൽ പലരുടെയും തീരുമാനം മാ​റ്റാൻ കാരണമായി. സാമ്പത്തിക നഷ്ടത്തെത്തുടർന്നാണ് ഓഗസ്​റ്റ് ഒന്നുമുതൽ സർവീസ് നിർത്താനും, ജി ഫോം കൊടുക്കാനും ബസുടമകളുടെ സംഘടനകൾ തീരുമാനിച്ചത്.സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം പകുതി ആയെങ്കിലും വരുമാനത്തിന്റെ കാര്യത്തിൽ മാറ്റമില്ലെന്നാണ് ഉടമകൾ പറയുന്നത്. പ്രതി ദിനം 200-500 രൂപ വരെ കൈയിൽ നിന്നും മുടക്കിയാണ് സർവീസ് തുടരുന്നത്. ഈ ഒരാഴ്ച കൂടി നോക്കി സർവീസ് നിറുത്തുന്ന കാര്യം ആലോചിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫോറം മേഖല പ്രസിഡന്റ് ജി.വിനോദ്കുമാർ പറഞ്ഞു.