തോപ്പുംപടി: റേഷൻ വാങ്ങാൻ എത്തിയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പള്ളുരുത്തി കുമ്പളങ്ങി വഴിയിലെ റേഷൻ കട അടച്ചു. റേഷൻ കടയുടമയും ഈ സമയം സാധങ്ങൾ വാങ്ങാൻ എത്തിയവർ ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. പത്തോളം പേരാണ് ഈ സമയം റേഷൻ വാങ്ങാൻ എത്തിയിരുന്നത്. ഇവരെ കണ്ടെത്തിയിട്ടുണ്ട്. അതേസമയം കണ്ടെയ്ൻമെന്റ് സോണിലെ റേഷൻ കടകളിൽ ഇ-പോസ് മെഷീൻ സമ്പ്രദായം താത്കാലികമായി നിർത്തി മാന്വലായി സാധങ്ങൾ വിതരണം ചെയ്യാൻ അനുവദിക്കണമെന്നാണ് കടയുടമകളുടെ ആവശ്യം.
അടുത്ത ആഴ്ചമുതൽ ഓണക്കിറ്റ് വിതരണം ആരംഭിക്കും. ഇത് തിരക്ക് കൂടാൻ ഇടയാക്കും. ഈ ഘട്ടത്തിൽ ഇപോസ് മെഷീൻ ഉപയോഗിച്ചാൽ വലിയ പ്രതിസന്ധിയാകും. ഇപ്പോൾ പൂട്ടിയ ഒരു കട കൂടാതെ കൂടുതൽ കടകൾ പൂട്ടിയിടേണ്ട അവസ്ഥ വരും. 28 നഗരസഭ ഡിവിഷനുകളിൽ 18 ഡിവിഷനും അടച്ചു പൂട്ടിയിരിക്കുകയാണ്. കൂടാതെ ചെല്ലാനം ട്രിപ്പിൾ ലോക്കും, കുമ്പളങ്ങിയിൽ മൂന്ന് ഡിവിഷനുകളും അടച്ചു പൂട്ടി. സിറ്റി റേഷൻ പരിധിക്കുള്ളിൽ 114 കടകളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ പൊതുജനങ്ങളുടെയും വ്യാപാരികളുടെയും സംരക്ഷണം ഉറപ്പാക്കണം. അടച്ചിട്ട സ്ഥലങ്ങളിൽ സാധാരണ രീതിയിൽ റേഷൻ വിതരണം നടത്തിയില്ലെങ്കിൽ കടകൾ പൂർണമായും അടച്ചിടുമെന്ന് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊച്ചി സിറ്റി ഭാരവാഹികളായ കെ.കെ.കുഞ്ഞച്ചൻ, സി.എ.ഫൈസൽ എന്നിവർ അറിയിച്ചു.