മൂവാറ്റുപുഴ: കൊവിഡ് വ്യാപന കാലത്ത് സുരക്ഷാ കവചമൊരുക്കി മൂവാറ്റുപുഴയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ. സാമൂഹിക അകലം പാലിക്കാൻ ഡ്രൈവറുടെ സീറ്റിനു പിന്നിൽ മൈക്ക ഉപയോഗിച്ചു മറച്ചതിനു പുറമെ വണ്ടിയിൽ സാനിറ്റൈസറും, യാത്രക്കാരുടെ വിവരം ശേഖരിക്കാൻ ഡയറിയും കരുതി സുരക്ഷിത യാത്രക്ക് വേദിയൊരുക്കുകയാണ്. തൊഴിലാളി സംഘടനകളുടെ സഹകരണവും ഇക്കാര്യത്തിലുണ്ട്. കൊവിഡ് 19 വ്യാപന ഭീതി രൂക്ഷമായതോടെ യാത്രക്കാർ പൊതുവെ ഓട്ടോയിൽ കയറാൻ മടിക്കുകയാണ്. ഓട്ടം കുറവായതോടെ ഉളള ജീവിതമാർഗവും വഴി മുട്ടി.സാമൂഹിക അകലം പാലിക്കാൻ സൗകര്യമൊരുക്കിയതോടെ ഇനി യാത്രയും സുരക്ഷിതമാകുമെന്നാണ് ഓട്ടോ തൊഴിലാളികൾ നൽകുന്ന സന്ദേശം.