ആലുവ: മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ ജില്ലാ ആശുപത്രിയിൽ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിക്കുന്നതിനിടെ സ്ഥലത്തെത്തിയ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെയും പൊലീസ് അറസ്റ്റുചെയ്തു. ആലുവ ക്യാപ്പിറ്റൽ ഗാർഡ്സ് സെക്യൂരിറ്റി ഗാർഡ് സർവീസിലെ ജീവനക്കാരൻ ആലപ്പുഴ തലവടി കൃഷ്ണവിലാസത്തിൽ മണിയനാണ് (59) അറസ്റ്റിലായത്.
രാത്രി ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് പോകാൻ യൂണിഫോം മാറിയപ്പോഴാണ് ആശുപത്രിക്കകത്ത് ബഹളം കണ്ടത്. അവിടെയത്തി കാര്യം തിരക്കിയപ്പോൾ താമസിക്കുന്ന വീടിനടുത്തുള്ള കുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായി. അതിനാൽ കുറച്ചുനേരം അവിടെനിന്നു. പ്രതിഷേധത്തിലൊന്നും പങ്കാളിയായിരുന്നില്ല. പക്ഷെ ബി.ജെ.പിക്കാരെ അറസ്റ്റുചെയ്തപ്പോൾ തന്നെയും പൊലീസ് ബലം പ്രയോഗിച്ച് ജീപ്പിൽകയറ്റിയെന്നും താൻ സെക്യൂരിറ്റി ജീവനക്കാരനാണെന്ന് പറഞ്ഞ് തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും വിട്ടയച്ചില്ലെന്നും മണിയൻ പറഞ്ഞു. മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. അതിനിടയിൽ ഇത്തരമൊരു സംഭവം മാനഹാനിയുണ്ടാക്കുന്നതാണെന്ന് മണിയൻ 'കേരളകൗമുദി' യോട് പറഞ്ഞു.