കൊച്ചി: കൊവിഡിന്റെ രണ്ടാംഘട്ടത്തിൽ ആശങ്കയോടെയാണ് എറണാകുളം ജില്ല ഓരോദിനവും തള്ളിനീക്കുന്നത്. ഏറിയും കുറഞ്ഞും രോഗികളുടെ എണ്ണം മാറി വരുമ്പോൾ മുംബയ് ആവർത്തിക്കാൻ ഏറ്റവും സാദ്ധ്യതയുള്ള ജില്ലയിലെ കൊച്ചി നഗരമാണ് നെഞ്ചിടിപ്പേറ്റുന്നത്. ആലുവയിലും ചെല്ലാനത്തും ക്ളസ്റ്ററുകൾ രൂപീകരിക്കപ്പെട്ടപ്പോൾ തുടങ്ങിയ ആശങ്കയുടെ ഗ്രാഫ് ഉയർത്തുകയാണ് ഇപ്പോൾ ഫോർട്ടുകൊച്ചിയും മട്ടാഞ്ചേരിയും.
എറണാകുളം ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളാണ് കൊച്ചി നഗരത്തിന്റെ ഭാഗമായ ഫോർട്ടുകൊച്ചിയും മട്ടാഞ്ചേരിയും. നഗരത്തിലെ വാണിജ്യകേന്ദ്രങ്ങളും കൂടിയാണ് ഇവിടം. മുംബയ് ധാരാവിയുടെ കൊച്ചുപതിപ്പെന്ന് കണക്കാക്കാവുന്ന വിധം ആളുകൾ തിങ്ങിപ്പാർക്കുന്ന നിരവധിയിടങ്ങളുണ്ട് ഫോർട്ടുകൊച്ചിയിൽ. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഫോർട്ടുകൊച്ചിയിലെ ആകെ രോഗികളുടെ എണ്ണം 104 ആയി. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടത് 18 പേർക്കാണ്. ഇതിൽ ഒരാൾക്ക് മരണശേഷമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മട്ടാഞ്ചേരിയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് നാലുപേർക്കാണ്. തിരുവനന്തപുരം പൂന്തുറ പോലെ കൈവിട്ടുപോകുമെന്ന് ജില്ലാഭരണകൂടം കണക്കുകൂട്ടിയത് കൊച്ചിയുടെ തീരപ്രദേശമായ ചെല്ലാനമായിരുന്നു. പ്രദേശം രണ്ടാഴ്ചയിലേറെയായി ട്രിപ്പിൾ ലോക്ക്ഡൗണിലുമാണ്. ചെല്ലാനത്ത് ഇപ്പോഴും രോഗം സ്ഥിരീകരിക്കപ്പെടുന്നുണ്ടെങ്കിലും നിയന്ത്രണവിധേയമാണ്.
ഉറവിടമറിയാ ആശങ്ക
ഒരു പ്രദേശത്തുമാത്രം ഒതുങ്ങുന്ന ആശങ്കയല്ല എറണാകുളം ജില്ലയ്ക്കുള്ളത്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടി വരുന്നതും മരണശേഷം രോഗംസ്ഥിരീകരിക്കപ്പെടുന്നതും പതിവായി മാറുകയാണ്. ജില്ലയിൽ ഇതുവരെ 90 പേർക്കാണ് ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തീരപ്രദേശങ്ങളിലും മലയോരപ്രദേശങ്ങളിലും നഗരത്തിലുമെല്ലാം ഉറവിടമറിയാത്ത രോഗികളുണ്ടാകുന്നുണ്ട്. ക്ളസ്റ്ററുകളും കണ്ടെയ്ൻമെന്റ് സോണുകളും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളുമെല്ലാമായി തിരിച്ച് രോഗത്തിന്റെ വ്യാപനം തടുക്കാനുള്ള പരിശ്രമത്തിലാണ് ഭരണകൂടവും ആരോഗ്യപ്രവർത്തകരും. രോഗികളുടെ പരിശോധനഫലം വൈകുന്നതും രോഗമില്ലെന്ന വിശ്വാസത്തിൽ സമൂഹവുമായി ഇടപഴകുന്നതുമാണ് വെല്ലുവിളിയാകുന്നത്. മരണശേഷം നടത്തുന്ന പരിശോധനയിലാണ് പലർക്കും രോഗം സ്ഥിരീകരിക്കപ്പെടുന്നത്. ഇങ്ങനെയുള്ളവർക്ക് രോഗം എവിടെ നിന്ന് കിട്ടിയെന്ന് മനസിലാക്കാൻ കഴിയാത്തതും ഭീഷണിയാകുന്നുണ്ട്. സമൂഹവുമായി ഇടപഴകാതെ വീടിനുള്ളിൽ കഴിയുന്ന പ്രായമായവർക്കും രോഗം സ്ഥിരീകരിക്കുന്നത് ആരോഗ്യവകുപ്പിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.