ആലുവ: തന്നെക്കൊണ്ട് ആവുന്നതെല്ലാം ചെയ്തെങ്കിലും നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ പൃഥ്വിരാജിന്റെ ജീവൻ പൊലിഞ്ഞതിന്റെ സങ്കടത്തിലാണ് ആട്ടോഡ്രൈവറായ ബാബു വർഗീസ്. സർക്കാർ ആശുപത്രികളിൽ പിഞ്ചുകുഞ്ഞിന് ചികിത്സ നിഷേധിച്ചപ്പോൾ കുഞ്ഞിന്റെ അമ്മയ്ക്കും മുത്തശിക്കും സഹായവുമായി ഓടിയെത്തിയത് ഈ നാൽപ്പത്തിയേഴുകാരനാണ്. ചൂർണിക്കര വില്ലേജ് ഓഫീസിന് സമീപം വാടകയ്ക്കാണ് പൗണ്ടയിൽ വീട്ടിൽ ബാബു വർഗീസ് താമസിക്കുന്നത്.ആലുവ ജില്ലാ ആശുപത്രിയിൽ നിന്ന് മടക്കി അയച്ചപ്പോൾ കുഞ്ഞുമായി അമ്മയും മുത്തശിയും ആദ്യമെത്തിയത് പുറത്തുണ്ടായിരുന്ന ബാബു വർഗീസിനടുത്തേക്കാണ്. കാര്യം പറഞ്ഞപ്പോൾ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ സൗജന്യമായി എത്തിക്കാമെന്ന് ബാബു പറഞ്ഞു. കുപ്പിവെള്ളവും പഴംപൊരിയും വാങ്ങിനൽകി. ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തപ്പോൾ സൗജന്യ ആംബുലൻസ് ലഭിച്ചെങ്കിലും പണമില്ലാതെ വിഷമിച്ച ഇവർക്ക് ബാബു തന്റെ കൈവശമുണ്ടായിരുന്ന 500 രൂപയും നൽകി. അത്യാവശ്യമെങ്കിൽ വിളിക്കാനായി ഫോൺനമ്പറും നൽകാൻ മറന്നില്ല.
രാത്രി എട്ട് മണിയോടെ ബാബുവിന് നന്ദിനിയുടെ ഫോൺവന്നു. വീട്ടിലേക്ക് പൊയ്ക്കോളാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നറിയിച്ചെന്നും വാഹനസൗകര്യമില്ലെന്നും പറഞ്ഞു. വിഷമിക്കേണ്ടന്നറിയിച്ച ബാബു രാത്രിതന്നെ ആലപ്പുഴയിലെത്തി അവരെ കടുങ്ങല്ലൂരിലെ വീട്ടിലെത്തിച്ചു.
ബാബുവിന്റെ മകൻ സെബിൻ (19) അരയ്ക്ക് താഴെ പൂർണമായി തളർന്ന് ചികിത്സയിലാണ്. കഴിഞ്ഞ ഒക്ടോബറിൽ പച്ചാളത്ത് വച്ച് എറണാകുളം - ഗുരുവായൂർ ട്രെയിൻ തട്ടിയായിരുന്നു അപകടം. നാട്ടുകാരുടെ സഹായത്തോടെ ലക്ഷങ്ങൾ ചെലവഴിച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് സെബിന്റെ ജീവൻ തിരിച്ചുകിട്ടിയത്. ഇപ്പോഴും ആയിരംരൂപയിലേറെ പ്രതിമാസം ചികിത്സയ്ക്കായി വേണം.