തിരുവാണിയൂർ: പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10.30ന് മുഖ്യമന്ത്റി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. അമ്പതുലക്ഷം രൂപ ചെലവഴിച്ചാണ് ഇവിടെ സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. മൂന്ന് ഡോക്ടർമാർ, നഴ്‌സ്, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങിയവരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. പരിശോധനക്കായി ഡോക്ടർമാർക്ക് പ്രത്യേകം ക്യാബിനുകളും രോഗികൾക്ക് വിശ്രമിക്കാൻ പ്രത്യേക ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കുറഞ്ഞനിരക്കിൽ പരിശോധിക്കാൻ കഴിയുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ
ലബോറട്ടറിയും പ്രവർത്തിക്കുന്നു. ലാബ് ടെക്‌നീഷ്യൻ, അഡീഷണൽ ഫാർമസിസ്റ്റ് തുടങ്ങിയവരെയും ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകിട്ട് ആറുവരെ ഒ.പി പ്രവർത്തിക്കാൻ ഒരു ഡോക്ടറെയും പുതുതായി നിയമിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ആരോഗ്യപ്രവർത്തകരുടെയും പാലിയേറ്റീവിന്റെയും പ്രയോജനം ലഭ്യമാക്കാൻ കഴിയുമെന്ന് പ്രസിഡന്റ് അഡ്വ. കെ.സി. പൗലോസ് പറഞ്ഞു.