കൊച്ചി: ആലുവ കടുങ്ങല്ലൂരിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ പൃഥ്വിരാജ് ചികിത്സകിട്ടാതെ മരിച്ചത് ആരോഗ്യരംഗത്ത് നമ്പർ വണ്ണെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തിൽ പാവപ്പെട്ടവർക്ക് ചികിത്സപോലും ലഭ്യമല്ലെന്നതിന്റെ തെളിവാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം.
മൂന്ന് സർക്കാർ ആശുപത്രികളിൽ കയറിറങ്ങിയിട്ടും കുഞ്ഞിന് ചികിത്സ കൊടുക്കാൻ അധികൃതർ തയ്യാറാവാത്തത് ഞെട്ടിക്കുന്നതാണ്. പൊള്ളയായ കേരള മോഡലിന്റെ ദുരന്തമാണിത്. പി.ആർ ഏജൻസികളിലൂടെ പ്രതിച്ഛായ നന്നാക്കുന്ന തിരക്കിലായ ആരോഗ്യമന്ത്രിക്ക് സർക്കാർ ആശുപത്രികളുടെ ദയനീയാവസ്ഥയെപ്പറ്റി ചിന്തിക്കാൻ സമയമില്ല.
കുഞ്ഞിന് ചികിത്സ തേടി മാതാപിതാക്കൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉൾപ്പെടെ കയറിയിറങ്ങിയെങ്കിലും മടക്കി അയച്ചത് ആരോഗ്യവകുപ്പിന്റെ പരാജയമാണ്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകാതിരുന്നത് മനുഷ്യത്വമില്ലായ്മയാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.